
വിജയപ്രതീക്ഷയുണ്ടെന്ന് ബി.ജെ.പി അവകാശപ്പെടുന്ന പാർലമെന്റ് മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. അതുകൊണ്ടു തന്നെ പത്തനംതിട്ടയിൽ മുൻനിര നേതാക്കളെയോ ജനപ്രിയരായ പൊതുപ്രവർത്തകരെയോ സ്ഥാനാർത്ഥികളായി ജനം പ്രതീക്ഷിച്ചു. പല പേരുകളും അന്തരീക്ഷത്തിലുയർന്നു. പി.സി ജോർജ്, മകൻ ഷോൺ ജോർജ്, കുമ്മനം രാജശേഖരൻ, പി.എസ് ശ്രീധരൻപിള്ള, കെ. സുരേന്ദ്രൻ എന്നിവരിൽ ആരെയെങ്കിലുമാണ് ബി.ജെ.പി ജില്ലാ നേതൃത്വം പ്രതീക്ഷിച്ചത്. ഡൽഹിയിൽ നിന്ന് മോദിയും അമിത്ഷായും തീരുമാനിക്കുന്നയാൾ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിരുന്നു. ഒടുവിൽ, പുറത്തുവന്ന പേര് അനിൽ ആന്റണിയുടേതാണ്.
അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന കോൺഗ്രസുകാരൻ. കോൺഗ്രസിൽ പ്രവർത്തന പരിചയം കുറവായിരുന്നെങ്കിലും സോഷ്യൽ മീഡിയ സെല്ലിന്റെ ചുമതലകൾ നിർവഹിച്ചുവരവെയാണ് അനിൽ ആന്റണി അപ്രതീക്ഷിതമായി ബി.ജെ.പിയിലെത്തിയത്. തലമുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ തങ്ങൾക്കൊപ്പം എത്തിയത് ലോട്ടറിയടിച്ച സന്തോഷത്തോടെയാണ് ബി.ജെ.പി കണ്ടത്. ബി.ജെ.പി ദേശീയ സെക്രട്ടറിയെന്ന ചുമതലയേൽപ്പിച്ച് അനിൽ ആന്റണിയെ ഡൽഹിയിൽ വാഴിച്ചതോടെ സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയില്ലെന്നാണ് സംസ്ഥാനത്തെ, പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയിലെ ബി.ജെ.പി നേതൃത്വം കരുതിയത്. എന്നാൽ, അനിൽ ആന്റണി സ്ഥാനാർത്ഥിയായേക്കുമെന്ന് ഇക്കഴിഞ്ഞ ജനുവരി ഇരുപത്തിരണ്ടിന് കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ബി.ജെ.പി ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് ആലോചിക്കുന്നതെന്ന് സൂചന വന്നിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ മകൻ ബി.ജെ.പിയിൽ എത്തിയത് ദേശീയ തലത്തിൽ ബി.ജെ.പിക്ക് നേട്ടവും കോൺഗ്രസിന് ക്ഷീണവുമായിരുന്നു. കോൺഗ്രസിന് ഇരട്ടി പ്രഹരമേൽപ്പിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കളെ ബി.ജെ.പിയിലെത്തിക്കാനുള്ള തന്ത്രമെന്ന നിലയിൽ അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. കോൺഗ്രസ് വിട്ടുവരുന്ന പ്രമുഖ നേതാക്കൾക്ക് ബി.ജെ.പിയിൽ നല്ല പരിഗണന ലഭിക്കുമെന്ന സന്ദേശം കൂടിയാണ് അനിൽ ആന്റണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം.
പി.സി ജാേർജിന്റെ
അതൃപ്തി
അനിൽ ആന്റണി പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുമെന്ന് ബി.ജെ.പി ജില്ലാ ഘടകം ഒട്ടും പ്രതീക്ഷിച്ചില്ല. അടുത്തിടെ ബി.ജെ.പിയിൽ ലയിച്ച ജനപക്ഷം പാർട്ടിയുടെ നേതാവ് പി.സി. ജോർജ് ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് വോട്ടർമാർ ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, എസ്.എൻ.ഡി.പിയുടെയും ബി.ഡി.ജെ.എസിന്റെ എതിർപ്പ് ജോർജിന് വിനയായി. ജോർജ് പത്തനംതിട്ടയിൽ മത്സരിച്ചാൽ എട്ടുമണിക്കേ പൊട്ടുമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്തനംതിട്ടയിൽ പറഞ്ഞത് ബി.ജെ.പി ദേശീയ നേതൃത്വം ഗൗരവത്തോടെ കണ്ടുവെന്നു വേണം കരുതാൻ. യോഗം ജനറൽ സെക്രട്ടറിയുടെ എതിർപ്പ് ബി.ഡി.ജെ.എസിലൂടെയും പുറത്തുവന്നിരുന്നു.
പി.സി ജോർജിന്റെ മകൻ ഷോൻ ജോർജിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ ബി.ഡി.ജെ.എസ് എതിർത്തുമില്ല. അയ്യപ്പന്റെ മണ്ണിൽ മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന പി.സി ജോർജിന്റെ പരസ്യ പ്രഖ്യാപനം ബി.ജെ.പിയെ തൃപ്തിപ്പെടുത്തിയില്ല. ഒടുവിൽ, അനിൽ ആന്റണിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ പി.സി ജോർജ് രോഷം കൊണ്ടു. ഡൽഹിയിൽ പ്രവർത്തിക്കുന്ന അനിൽ ആന്റണിയെ പത്തനംതിട്ടക്കാർക്ക് പരിചയപ്പെടുത്തേണ്ടിവരുമെന്ന് കൂടി ജോർജ് തുറന്നടിച്ചത് ബി.ജെ.പി നേതൃത്വത്തിന്റെ അനിഷ്ടത്തിനിടയാക്കി. പക്ഷെ, അനിൽ ആന്റണിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ബി.ജെ.പിക്കുള്ളിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു.
പി.സി. ജോർജിന് പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം നൽകാത്തതിൽ പ്രതിഷേധിച്ച് സാമുഹ്യ മാദ്ധ്യമങ്ങളിലൂടെ ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പത്തനംതിട്ടയിൽ പി.സി. ജോർജിനെ പരിഗണിക്കാൻ തടസമെന്തെന്നായിരുന്നു ജോർജിന്റെ ചിത്രം സഹിതം ഫെയ്സ്ബുക്കിൽ ശ്യാം തട്ടയിൽ പോസ്റ്റ് ചെയ്തത്. വിവാദമായതോടെ അഭിപ്രായം പിൻവലിച്ച് നേതൃത്വത്തിൽ നിന്ന് ഒഴിയുകയാണെന്ന് പോസ്റ്റ് ഇട്ടിരുന്നു. സംഘടന അച്ചടക്കം പാലിക്കാതെ പൊതു ഇടത്തിൽ പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയത് ഡിലീറ്റ് ചെയ്ത് തെറ്റ് തിരുത്തുന്നതായി ശ്യാം പോസ്റ്റിൽ പറഞ്ഞു. ഒപ്പം ഇത്തരത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം ചെയ്തിട്ട് സംഘടന നിശ്ചയിച്ച പാർട്ടി ചുമതലയിൽ തുടരാൻ അർഹനല്ലാത്തതിനാൽ സ്വയം ഒഴിവാകുന്നതായും സൂചിപ്പിച്ചിരുന്നു.
എൻ.ഡി.എ ദേശീയ നേതൃത്വം നിശ്ചയിക്കുന്ന സ്ഥാനാർത്ഥിക്ക് വേണ്ടി പാർട്ടിക്കൊപ്പം അടിയുറച്ച് തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കുമെന്നും കൂടാതെ തന്റെ പോസ്റ്റ് നിമിത്തം സഹപ്രവർത്തകരിൽ ഏതെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും പറഞ്ഞു. അടുത്തിടെ പദയാത്രയുമായി ജില്ലയിൽ എത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന് അടൂരിൽ നൽകിയ സ്വീകരണത്തിൽ പ്രധാന പ്രസംഗകൻ പി.സി ജോർജായിരുന്നു. സ്ഥാനാർഥി പ്രവേശനം എന്നാണ് പി.സി ജോർജ് വിഭാഗവും ബി.ജെ.പി അണികളും അന്ന് അതിനെ വ്യാഖ്യാനിച്ചത്.
ക്ഷീണമകറ്റി
മുന്നോട്ട്
സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ ക്ഷീണം മാറ്റിയെടുക്കാൻ ബി.ജെ.പി ഊർജ്ജിത ശ്രമങ്ങൾ തുടങ്ങി. കേഡർ സ്വഭാവമുള്ള പാർട്ടിക്ക് ആര് സ്ഥാനാർത്ഥിയായാലും പ്രശ്നമില്ലെന്നാണ് നേതൃത്വം പറയുന്നത്. ഡൽഹിയിൽ നിന്ന് എത്തിയ അനിൽ ആന്റണി നേരേ പോയത് പൂഞ്ഞാറിൽ പി.സി ജോർജിന്റെ വീട്ടിലേക്കാണ്. അനുഗ്രഹം തേടി വന്ദിച്ച അനിൽ ആന്റണിയ്ക്ക് പി.സി ജോർജ് പിന്തുണ പ്രഖ്യാപിച്ചു. ചെറുപ്പക്കാരനായ അനിൽ പത്തനംതിട്ടയിൽ ഉജ്വല വിജയം നേടുമെന്ന് പി.സി ജോർജ് പ്രതികരിച്ചു.
പൂഞ്ഞാറിലും പത്തനംതിട്ടയിലും അനിൽ ആന്റണിക്ക് നേതാക്കൾ സ്വീകരണം നൽകി. പിണക്കങ്ങൾ മറന്ന് ഒന്നിച്ച് പ്രവർത്തിക്കാനാണ് ബി.ജെ.പി നേതാക്കൾക്ക് ലഭിച്ച നിർദ്ദേശം. ദേശീയ സെക്രട്ടറയെന്ന നിലയിൽ അനിൽ ആന്റണിയുടെ മത്സരം ബി.ജെ.പി കേന്ദ്ര നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ വർഷം കെ.സുരേന്ദ്രന് ലഭിച്ചത് മൂന്ന് ലക്ഷത്തോളം വേട്ടുകളാണ്. ഇത്തവണ അതിൽ കുറവുണ്ടായാൽ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ മറുപടി പറയേണ്ടിവരും. അതുകൊണ്ട് ശക്തമായ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനാണ് ബി.ജെ.പി ഒരുങ്ങുന്നത്.