rakshasanpara
രാക്ഷസൻപാറ

കോന്നി : ടൂറിസം വകുപ്പ് ജൈവവൈവിദ്ധ്യ സർക്യൂട്ടിൽ ഉൾപ്പെടുത്തി വിനോദ സഞ്ചാരപദ്ധതി പ്രഖ്യാപിച്ച കൂടൽ രാക്ഷസൻപാറയെ അധികൃതർ മറന്നു. സംസ്ഥാന ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് സന്ദർശനവും പ്രഖ്യാപനവും നടത്തിയത് ഒഴിച്ചാൽ തുടർനടപടികളൊന്നും ഉണ്ടായില്ല. ഗുരു നിത്യചൈതന്യയതി ചെറുപ്പത്തിൽ ധ്യാനത്തിനും എഴുത്തിനുമായി ഇടംകണ്ടെത്തിയ പാറയിൽ യതിയുടെ സ്മാരകം നിർമ്മിക്കാനും പദ്ധതിയുണ്ടായിരുന്നു. ചടയമംഗലത്തെ ജഡായുപ്പാറയോട് സമാനമായ രീതിയിൽ പദ്ധതിയൊരുക്കാനായിരുന്നു നീക്കം.
സ്ഥലപരിശോധനയ്ക്കായി അന്നത്തെ ജില്ലാകളക്ടർ ദിവ്യ എസ് അയ്യരും ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും കെ.യു.ജനീഷ് കുമാർ എം.എൽ.എയോടൊപ്പം രാക്ഷസൻ പാറ സന്ദർശിച്ചിരുന്നു. ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് എം.എൽ.എ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥസംഘം സ്ഥല പരിശോധനയ്ക്കെത്തിയത്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിലെ ജൈവ വൈവിദ്ധ്യ സർക്യൂട്ടിൽ കലഞ്ഞൂരിലെ പാറകളെയും ഉൾപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊല്ലം ജില്ലയിലെ മൻഡ്രോതുരുത്ത്, അഷ്ടമുടിക്കായൽ, കൊട്ടാരക്കര മീൻപിടിപ്പാറ, ജഡായുപ്പാറ, മുട്ടറമരുതിമല, തെന്മല , അച്ചൻകോവിൽ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള സർക്യൂട്ടിൽ ജില്ലയിലെ കോന്നി ആനത്താവളം, അടവി, ഗവി തുടങ്ങിയ സ്ഥലങ്ങളാണുള്ളത്.

കലാകാരന്മാരുടെയും എഴുത്തുകാരുടെയും കൂട്ടായ്മകൾക്ക് രാക്ഷസൻപാറ വേദിയായിട്ടുണ്ട്. ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കണം.

ഗ്രേസി ഫിലിപ്പ്, (ചിത്രകാരി )