road-
അത്തിക്കയം - ജണ്ടായ്ക്കൽ റോഡിൽ മുക്കം ഗുരുമന്ദിരത്തിനു സമീപം റോഡിലെ ടാറിങ് തടിലോറി കയറി ഇളകിയപ്പോൾ

റാന്നി : നിർമ്മാണം നടന്ന് ദിവസങ്ങൾ കഴിഞ്ഞ റോഡ് തടിലോറിയും ക്രെയിനും കയറി തകർന്നു. അത്തിക്കയം - ജണ്ടായ്ക്കൽ റോഡിൽ മുക്കം ഗുരുമന്ദിരത്തിനു സമീപമാണ് ടാറിഗ് തകർന്നത്. ക്രെയിൻ ഉപയാഗിച്ച് റോഡിലൂടെ കൂറ്റൻ തടികൾ വലിച്ചതും അമിത ഭാരം കയറ്റിയ ലോറി കയറിയതുമാണ് തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. തടി വ്യാപാരികൾക്ക് എതിരെയും വാഹനത്തിനെതിരെയും നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കം സ്വദേശി പെരുനാട് പൊലീസിൽ പരാതി നൽകി. അതേസമയം ടാറിംഗ് മോശമായതിനാലാണ് വാഹനം കയറിയപ്പോൾ റോഡിന് കേടുപാടുകൾ സംഭവിച്ചതെന്ന് തടി വ്യാപാരികൾ പറയുന്നു. . റോഡ് നന്നാക്കാതെ ഇവരുടെ തടികൾ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് ഇളകിയപ്പോൾത്തന്നെ ലോറിയും ക്രെയിനും സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇളകിയഭാഗം നന്നാക്കാൻ കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.