
പത്തനംതിട്ട: പാർലമെന്റ് മണ്ഡലം രൂപീകൃതമായ 2009മുതൽ പത്തനംതിട്ടയിൽ യു.ഡി.എഫ് അനുകൂല രാഷ്ട്രീയക്കാറ്റാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ അടുത്ത കാലത്തായി ഇടതു ദിശയിലേക്കും. ഏഴു മണ്ഡലങ്ങളും നിലവിൽ എൽ.ഡി.എഫിന്റെ കൈയിലാണ്.
രാഷ്ട്രീയത്തിനൊപ്പം വികസനവും വിശ്വാസവും ചേരുന്നതാണ് വോട്ടർമാരുടെ മനസ്. സഭകളും സമുദായങ്ങളും ദിശാസൂചകങ്ങളാകും. 2019ലേതുപോലെ ഇക്കുറിയും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലാണ് മലയോര നാട്.
2009 മുതൽ തുടർച്ചയായി മൂന്നുതവണ കോൺഗ്രസിലെ ആന്റോ ആന്റണിയെ പാർലമെന്റിലേക്കയച്ചു. ഇക്കുറിയും അദ്ദേഹം തന്നെയാകും സ്ഥാനാർത്ഥിയെന്ന് ഉറപ്പായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് യു.ഡി.എഫ്.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഡോ. തോമസ്ഐസക് പ്രചാരണത്തിൽ മുന്നേറിയിട്ടുണ്ട്. ചുവരെഴുത്തുകൾ ഏറെക്കുറെ പൂർത്തിയാക്കി. മുക്കിനും മൂലയിലും പോസ്റ്ററുകൾ പതിഞ്ഞു. നിയമസഭ മണ്ഡലങ്ങളിലെ ഓട്ട പ്രദക്ഷിണവും പൂർത്തിയാക്കി.
എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി ദേശീയ സെക്രട്ടറിയുമായ അനിൽ ആന്റണിയും പ്രചാരണത്തിന് തുടക്കമിട്ടു. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പി.സി.ജോർജിനെ കഴിഞ്ഞ ദിവസം വീട്ടിൽ ചെന്നുകണ്ട് അനിൽ ആന്റണി അനുഗ്രഹം തേടിയിരുന്നു.
ആശങ്കകൾ, പ്രതീക്ഷകൾ
ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷത്തിൽ ഇടിവു സംഭവിക്കുന്നത് യു.ഡി.എഫിനെ അലട്ടുന്നുണ്ട്. 2009ലെ 1, 11,206 വോട്ടുകളുടെ ഭൂരിപക്ഷം 2019ൽ 44,243ആയി താഴ്ന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരിയായ വീണാജോർജുമായുള്ള വോട്ടു വ്യത്യാസം 4.31ശതമാനം മാത്രമായിരുന്നു. മൂന്നാം സ്ഥാനത്തെത്തിയ കെ.സുരേന്ദ്രനുമായി ഒൻപത് ശതമാനം വോട്ടുകളാണ് ആന്റോ ആന്റണിക്ക് കൂടുതൽ ലഭിച്ചത്. ശബരിമല വിഷയം മുൻനിറുത്തി എൻ.ഡി.എ നടത്തിയ പ്രചാരണം ഇടതു- വലതു മുന്നണികൾക്ക് വോട്ടു ചോർച്ചയുണ്ടാക്കിയെന്നും ഇത്തവണ അങ്ങനെ സംഭവിക്കില്ലെന്നും യു.ഡി.എഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു. മണ്ഡലത്തിൽ എം.പി മൂന്നു കേന്ദ്രീയ വിദ്യാലയങ്ങൾ കൊണ്ടുവന്നു. ദേശീയപാത വികസന പദ്ധതികൾക്ക് പണം അനുവദിപ്പിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക് മണ്ഡലത്തിൽ പരിചിതനല്ലെന്ന വിമർശനം ഇല്ലാതാക്കാൻ പൊതുജന സമ്പർക്ക പരിപാടിയാണ് സി.പി.എം മുന്നോട്ടുവയ്ക്കുന്നത്. മൈഗ്രേഷൻ കോൺക്ളേവിലൂടെ പ്രവാസികളുമായും ബന്ധം വിപുലമാക്കി. കുടുംബശ്രീ യൂണിറ്റുകളിലെത്തി അംഗങ്ങളമായി സംവദിക്കുന്നുണ്ട്. എൽ.ഡി.എഫിനപ്പുറത്തേക്ക് വോട്ടു സമാഹരണം അനിവാര്യമാണ്. യുവാക്കളെ ആകർഷിക്കാൻ സോഷ്യൽ മീഡിയ സെല്ലിനെ ശക്തിപ്പെടുത്തി. ഒൻപതിന് എൽ.ഡി.എഫ് മണ്ഡലം കൺവെൻഷൻ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും.
സ്ഥാനാർത്ഥിയുടെ പേരിലുണ്ടായ അസ്വാരസ്യങ്ങൾ ബി.ജെ.പിയുടെ ഉള്ളുലച്ചിട്ടുണ്ട്. അച്ചടക്ക നടപടിയിൽ കർഷക മോർച്ച ജില്ല പ്രസിഡന്റ് പുറത്തായി. അനിൽ ആന്റണി രംഗത്തിറങ്ങിയതോടെ വിവാദങ്ങൾ എല്ലാം കെട്ടടങ്ങിയ ആത്മവിശ്വാസത്തിലാണ് പാർട്ടി. ചുവരെഴുത്തുകൾ വ്യാപകമായി. പ്രമുഖരെ നേരിൽ കണ്ടാണ് വോട്ടുറപ്പിക്കുന്നത്. അനിൽ ആന്റണി ജയിച്ചാൽ കേന്ദ്രമന്ത്രി എന്ന സന്ദേശം വോട്ടർമാരിലേക്ക് എത്തിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ നേടിയ മൂന്നു ലക്ഷത്തോളം വോട്ടുകളിൽ നിന്ന് മുന്നേറിയാൽ വിജയം ഉറപ്പാക്കാമെന്നാണ് എൻ.ഡി.എ പ്രതീക്ഷ.