മല്ലപ്പള്ളി: കല്ലൂപ്പാറ - തിരുവല്ല - ആനിക്കാട്ട്റൂട്ടിൽ ബസ് സർവീസുകളുടെ അപര്യാപ്ത പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വൈകിട്ട് 6.40ന് ശേഷം കല്ലൂപ്പാറ വഴി തിരുവല്ലയ്ക്ക് ബസ് ഇല്ലാത്ത സ്ഥിതിയായതിനാൽ യാത്രാക്ലേശം രൂക്ഷമാണ് . 2023 ജൂലൈയിലെ താലൂക്ക് വികസന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ബസ് സർവീസുകൾ കുറവായ കല്ലൂപ്പാറ ,ആനിക്കാട് പ്രദേശങ്ങളിൽ കൂടി കൂടുതൽ സർവീസ് തുടങ്ങണമെന്ന് ആവശ്യമുയർന്നിരുന്നു. മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ട്രിപ്പ് മുടക്കി അധിക നേരം പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചെങ്കിലും യാത്രാ ദുരിതം നേരിടുന്ന കല്ലൂപ്പാറ , ആനിക്കാട് പ്രദേശത്തെയ്ക്ക് ബസ് സർവീസ് ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. തിരുവല്ലയിൽ നിന്നും കല്ലൂപ്പാറ വഴി മല്ലപ്പള്ളിയ്ക്ക് അവസാന കെ.എസ്.ആർ.ടി.സി ബസ് രാത്രി 8.25ന് കടന്നുപോകുന്നതോടെ പ്രദേശത്ത് എത്തേണ്ട യാത്രക്കാർ ടാക്സി വാഹനങ്ങൾക്ക് അമിത ചാർജ് നൽകി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. അടുത്തിടെ ഗ്രാമവണ്ടി എത്തുമെന്ന പ്രതീക്ഷയ ഉണ്ടായിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രദേശത്തെ ഒറ്റപ്പെടുത്തി. ഉന്നത നിലവാരത്തിൽ പൂർത്തിയാക്കിയ റോഡിന്റെ വശങ്ങളിലെ കാടുകൾ പടർന്നുകേറിയത് കാൽ നടയാത്രക്കാരേയും ദുരിതത്തിലാക്കുന്നുണ്ട്. അധികൃതർ അടിയന്തര നടപടി സ്ഥികരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
.................................
6.3ന് ശേഷം തല്ലൂപ്പാറ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.സ്വകാര്യ ബസുകളും കെ.എസ്ആർ.ടി.സിയും സർവീസ് നടത്താത്തത് യാത്രാ ദുരിതത്തിന് കാരണമാകുന്നുണ്ട്. താലൂക്ക് വികസന സമിതി യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാകുന്നില്ല.
സുരേഷ് കുമാർ.പി.എൻ
(പ്രദേശവാസി)