റാന്നി : കുടിവെള്ള ക്ഷാമം അതിരൂക്ഷം പഞ്ചായത്ത് ഓഫീസ് നാട്ടുകാർ ഉപരോധിച്ചു . നാറാണം മൂഴി പഞ്ചായത്ത് ഓഫീസാണ് ഇന്നലെ രാവിലെ 9 മുതൽ കുടമുരട്ടി വാർഡിലെ കൊച്ചുകുളം നിവാസികൾ ഉപരോധിച്ചത്. രണ്ടു ദിവസത്തിനകം പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പിലാണ് ഒടുവിൽ ഉപരോധം അവസാനിപ്പിച്ചത്. കൊച്ചുകുളം മേഖലയിൽ അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നിലവിൽ അനുഭവപ്പെടുന്നത്. ജല അതോറിറ്റിയുടെ പൈപ്പിലൂടെ വെള്ളം വരാതായിട്ട് ഒരു മാസത്തിലേറെയായി. പമ്പയാറിനോട് ചേർന്ന് കുടമുരട്ടിയിലുള്ള പമ്പു ഹൗസിലെ മോട്ടോർ തകരാറിലായതാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണം. ഒരാഴ്ചക്കകം തകരാർ പരിഹരിച്ച് പമ്പിംഗും പുനരാരംഭിക്കാവുന്നതായിട്ടും അധികൃതർ കാര്യമായ നടപടികൾ എടുക്കാത്തതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. വിനോദ് ഒലിക്കൽ, സൗമ്യ കിഷോർ, ഷീബ ബിനു, സിജോ ജോസഫ്, ദിനേശ്, മഞ്ജു അജി, സുനിത തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.
വിലകൊടുത്തുവാങ്ങിവെള്ളം, ഗതികേടിലെന്ന് നാട്ടുകാർ
വേനൽ കടുക്കുമ്പോൾ വെള്ളത്തിനായി മേഖലയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് വാട്ടർ അതോറിറ്റിയുടെ പൈപ്പുകളെയാണ്. മുൻകാലത്തുണ്ടായതിലും കൂടുതൽ കടുത്ത ചൂടും വരൾച്ചയുമാണ് പ്രദേശത്തു ഇപ്പോൾ അനുഭവപ്പെടുന്നത് . അതുകൊണ്ടുതന്നെ വിലകൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് കുടമുരുട്ടി, കൊച്ചുകുളം, ചണ്ണ മേഖലയിലുള്ളവർ. ഇവരുടെ പ്രധിഷേധമാണ് ഇന്നലെ പഞ്ചായത്താണ് മുന്നിൽ അണപൊട്ടിയത്. ഉപരോധത്തിനിടയിൽ പഞ്ചായത്തിലെ ജീവനക്കാരെ തടഞ്ഞത് അൽപ്പനേരം സംഘർഷത്തിന് ഇടയാക്കി. പൊലീസ് ഇടപെട്ട് പിന്നീട് സ്ഥിതിഗതികൾ ശാന്തമാക്കി. കഴിഞ്ഞ വർഷവും വേനൽക്കാലത്ത് മോട്ടോർ തകരാറിലായതിനെ തുടർന്ന് രണ്ടാഴ്ചയോളം ഇവിടെ വെള്ളം കിട്ടിയില്ല.
..........................
മോട്ടോർ മാറ്റി പുതിയത് സ്ഥാപിക്കുകയോ ഒന്നിൽ കൂടുതൽ മോട്ടോറുകൾ സ്ഥാപിക്കുകയോ ചെയ്യണം.
(നാട്ടുകാർ)
................................
1. ജല അതോറിറ്റിയുടെ പൈപ്പിൽ 30 ദിവസമായി വെള്ളമില്ല
2. മോട്ടോർ തകരാറെന്ന് അധികൃതർ
3. നടപടി എടുക്കാത്തത് മനപ്പൂർവമെന്ന് നാട്ടുകാർ