ചെങ്ങന്നൂർ: കൊടും വേനലിൽ പുല്ല് കരിഞ്ഞുണങ്ങി. നേരത്തെ കാലംതെറ്റിപ്പെയ്ത മഴ മൂലം നെൽപാടങ്ങളിൽ നിന്ന് വേണ്ടത്ര വൈക്കോൽ ശേഖരിക്കാനുമായില്ല. കന്നുകാലികളെ വളർത്താൻ പാടുപെടുകയാണ് ക്ഷീര കർഷകർ.
ക്ഷാമമുണ്ടെങ്കിലും വൈക്കോലാണ് ഇപ്പോൾ പശുക്കൾക്ക് നൽകുന്നത്. പക്ഷേ വൈക്കോൽ സ്ഥിരം ഭക്ഷണമാകുന്നതോടെ പാലിന്റെ അളവിൽ കുറവുണ്ടാകുമെന്ന് കർഷകർ പറയുന്നു . സ്ഥിരമായതോടെ വൈക്കോൽ തിന്നാനും പശുക്കൾ മടിക്കുന്നു.
വേനൽ ശക്തമായതിനാൽ കന്നുകാലികളെ തൊഴുത്തിന് പുറത്തെത്തിച്ച് വളരെ നേരം മേയ്ക്കാനും കഴിയില്ല. തോട്ടങ്ങളിലെ പുല്ല് കരിഞ്ഞുണങ്ങി. പാടശേഖരങ്ങളിൽ കൃഷി ആരംഭിച്ചതോടെ ഇവിടെ നിന്നും പുല്ല് ലഭിക്കില്ല.
എല്ലാ കാലിത്തീറ്റകൾക്കും സബ്സിഡി നൽകണമെന്നും ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കാലങ്ങളായി കർഷകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല.
കൈതപ്പോളയാണ് പല കർഷകരും കന്നുകാലികൾക്ക് നൽകുന്നത്. പോള അരിഞ്ഞാണ് നൽകുന്നത്. മുമ്പ് കൈതത്തോട്ടങ്ങളിൽ നിന്ന് ഇത് സൗജന്യമായി കിട്ടുമായിരുന്നു. ആവശ്യക്കാരേറിയതോടെ ഇപ്പോൾ വില ഇൗടാക്കുന്നുണ്ട്. തോട്ടങ്ങളിലേക്ക് വാഹനങ്ങളിൽ പോയി വേണം ഇത് കൊണ്ടുവരാൻ.
കാലിത്തീറ്റയ്ക്കും വിലയേറി
ഒരു ചാക്ക് മിൽമ കാലിത്തീറ്റയ്ക്ക് 70 രൂപ സബ്സിഡി കഴിച്ച് 1440 രൂപയാണ് വില. കേരള ഫീഡ്സ് കാലിത്തീറ്റയ്ക്ക് 50 കിലോ ചാക്കിന് 1480 രൂപയും . സ്വകാര്യകമ്പനികളുടെ കാലിത്തീറ്റകൾക്ക് ഇതിലും കൂടുതലാണ്. പച്ചച്ചോളത്തിന്റെ തണ്ടിന് മിൽമ കർഷകർക്ക് കിലോയ്ക്ക് 1.70 രൂപ സബ്സിഡി നൽകുന്നുണ്ടെങ്കിലും കിട്ടാനില്ല. കർണാടകയിലെ ഗുണ്ടൽപേട്ട പോലുള്ള സ്ഥലങ്ങളിൽ നിന്നാണ് ഇത് വന്നിരുന്നത്.
------------------
"കാലിത്തീറ്റയുടെ വില താങ്ങാൻ കഴിയുന്നില്ല. മഴക്കാലം വരെ എങ്ങനെ പിടിച്ചുനിൽക്കുമെന്ന് അറിയില്ല. "
മംഗലത്ത് സാബു (ക്ഷീര കർഷകൻ)