അടൂർ : പേരിൽ അടൂരിൽ ഒരു ശുദ്ധജല പദ്ധതിയുണ്ട്.പക്ഷേ കുടിവെള്ളം കിട്ടാക്കനിയായി മാറുന്നതോടെ ഉയർന്ന പ്രദേശങ്ങളിലുള്ളവർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് . വെള്ളം ലഭ്യമായില്ലെങ്കിലും കൃത്യമായി വാട്ടർ അതോറിറ്റി ബില്ല് ലഭ്യമാക്കുന്നുമുണ്ട്. ഏനാദിമംഗലം, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ പഞ്ചായത്തുകൾക്ക് പുറമേ അടൂർ നഗരസഭയിലും കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര പഞ്ചായത്തിലും ജലം ലഭ്യമാക്കുന്നതിനായാണ് അടൂർ ശുദ്ധജല വിതരണ പദ്ധതി യാഥാർത്ഥ്യമാക്കിയത്. എന്നാൽ പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ ഒരിടത്തും കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഇതോടെ അടൂർ വാട്ടർ അതോറ്റി ഓഫീസിന് മുന്നിലേക്ക് അനുദിനം പ്രതിഷേധം ഉയരുകയാണ്. നാടിന് ജലം എത്തിച്ചുകൊടുക്കാൻ ബാദ്ധ്യതപ്പെട്ട ഒരു സ്ഥാപനം വെറും നോക്കുകുത്തിയാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഉയർന്ന പ്രദേശങ്ങളിലെ കിണറുകൾ ഒട്ടുമിക്കതും വറ്റിവരണ്ടു. കോളനി നിവാസികൾ ഉൾപ്പെടെയുള്ളവർ പണം നൽകി വെള്ളം വാങ്ങുന്ന സ്ഥിതിയാണുള്ളത്.
പൈപ്പു തുറന്നാൽ കാറ്റ് മാത്രം
പൈപ്പ് തുറന്നാൽ വെള്ളത്തിന് പകരം ഒരു ശബ്ദം മാത്രം. ഏറെ താഴ്ന്ന പ്രദേശങ്ങിൽ മാത്രമാണ് വെള്ളം ലഭ്യമാകുന്നത്. ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭ്യമാകണമെങ്കിൽ ഉയർന്ന മർദ്ദത്തിൽ തുറന്ന് വിടണം . നിലവാരമില്ലാത്ത പൈപ്പുകളാണ് പലയിടത്തും സ്ഥാപിച്ചിരിക്കുന്നത്. ഇതുകാരണം മർദ്ദം കൂട്ടാവാനാകാത്ത സ്ഥിതിയാണ്. ഇക്കാരണങ്ങളാലാണ് ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭ്യമാകാത്തത്. ഇതിന് എന്ന് പരിഹാരം എന്ന് ഉണ്ടാകുമെന്ന് ചോദിച്ചാൽ ആർക്കും ഉത്തരമില്ല.
....................................
കടുത്ത വേനലിൽ ജലം ലഭ്യമാക്കേണ്ട വാട്ടർ അതോറിറ്റിയുടേത് തികഞ്ഞ കെടുകാര്യസ്ഥതയാണ്. എന്തിനാണ് ഇങ്ങനെയൊരു വിഭാഗം. പരാതി പറായാൻ വിളിച്ചാൽ ഫോൺ എടുക്കില്ല. നേരിട്ട് പരാതി നൽകിയാലും നടപടിയില്ല. വരണ്ടുണങ്ങുന്ന നാടിനെ രക്ഷിക്കാൻ അടിയന്തരമായ നടപടി വേണം.
അഡ്വ.ബിജു വർഗീസ്,
(കോൺ. ഡി.സി.സി ജനറൽ സെക്രട്ടറി)
...................
അടൂർ ശുദ്ധജല വിതരണ പദ്ധതി
ഏനാദിമംഗലം, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ പഞ്ചായത്തുകൾക്ക് പുറമേ അടൂർ നഗരസഭയിലും കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര പഞ്ചായത്തിലും ജലം ലഭ്യമാക്കുന്നതിനായാണ് അടൂർ ശുദ്ധജല വിതരണ പദ്ധതി.
.......................
1. പൈപ്പുപൊട്ടൽ തുടർക്കഥ
2. അടൂർ വാട്ടർ അതോറ്റി ഓഫീസ് നോക്കുകുത്തി
3. പ്രതിഷേധം ശക്തമാക്കി നാട്ടുകാർ