
മണ്ണടി : ഉച്ചബലി ഉത്സവത്തോടനുബന്ധിച്ച് നടന്ന മണ്ണടി ദേവീക്ഷേത്രത്തിലെ തിരുമുടി എഴുന്നെള്ളത്ത് ഭക്തിസാന്ദ്രമായി. കുംഭച്ചൂടിനെ വകവയ്ക്കാതെ ആയിരക്കണക്കിന് ഭക്തരാണ് മുടിപ്പുര ക്ഷേത്രത്തിൽ എത്തിയത്. വൈകിട്ട് അഞ്ചു മണിയോടെ മുടിപ്പുരയിൽ നിന്ന് പഴയകാവ് ക്ഷേത്രത്തിലേക്ക് തിരുമുടി എഴുന്നെള്ളത്ത് തുടങ്ങി. വാദ്യമേളങ്ങൾ, കൊടി, കുട, തീവെട്ടി, ആലവട്ടം, വെഞ്ചാമരം എന്നിവ അകമ്പടിയായി. എഴുന്നെള്ളത്ത് വാക്കവഞ്ഞിപ്പുഴ മഠത്തിന്റെ കിഴക്കേ തളത്തിലെത്തി പേച്ച് നടത്തി ആവണംപാറമല വഴി മണ്ണടി പഴയകാവിൽ ക്ഷേത്രത്തിലെ ആൽത്തറയിൽ എത്തിച്ചേർന്നു. ആൽത്തറയിൽ എത്തിയ ദേവി ആയിരങ്ങൾക്ക് അനുഗ്രഹവർഷം ചൊരിഞ്ഞു. ഈ സമയം ക്ഷേത്രത്തിനടുത്ത് പാട്ടമ്പലത്തിൽ വർഷത്തിലൊരിക്കൽ തയ്യാറാക്കുന്ന നിവേദ്യം ഒരുക്കിയിരുന്നു. ഉണക്കലരി, കൊത്തച്ചക്ക, പൊട്ടുവാഴക്കുല, ശർക്കര, നാളികേരം എന്നിവ ചേർത്താണ് നിവേദ്യം ഒരുക്കിയത്. അർദ്ധരാത്രിയോടെ ദാരിക നിഗ്രഹ ആചാര ചടങ്ങ് തുടങ്ങി. കിഴക്കേ ആൽത്തറയിൽ നിന്ന് എഴുന്നെള്ളിയ ദേവീ വേതാളക്കല്ലിൽ താളംചവിട്ടി. ശക്തി സ്വരൂപിണിയായ ദേവി ഭൂതഗണ ങ്ങളുടെ അകമ്പടിയോടെ പേച്ചു കളത്തിൽ എഴുന്നെള്ളിയെത്തി. തുടർന്ന് ദാരിക നിഗ്രഹം നടന്നു. ഇതിനുശേഷം ദേവിയുടെ രൗദ്രഭാവത്തിന് ശാന്തത വരുത്താൻ ബലിക്കുടയും നടന്നു. ഭൂതഗണങ്ങൾക്ക് വഴിയൂട്ട് നടത്തിയശേഷം ദേശാതിർത്തിയിലൂടെ സഞ്ചരിച്ച് തിരുമുടി ഇന്ന് പുലർച്ചെ നിലമേൽ അൽത്തറയിൽ എത്തും. അവിടെ നിന്ന് മണ്ണടി മുടിപ്പുര ക്ഷേത്രത്തിലേക്ക് ആനയിക്കും. രാത്രിയിൽ തിരുമുടി വാക്കവഞ്ഞിപ്പുഴ മഠത്തിലെത്തി താളം ചവിട്ടുന്നതോടെ ഉച്ചബലി ഉത്സവത്തിന് പരിസമാപ്തിയാകും.