care
കടപ്രയിൽ അർബുദരോഗിക്കായി ധനസമാഹരണം നടത്തുന്നു

തിരുവല്ല : കടപ്ര സ്വദേശിയായ അർബുദ ബാധിതയ്ക്കായി കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു ദിവസം കൊണ്ട് സമാഹരിച്ചത് ഒന്നര ലക്ഷത്തോളം രൂപ. കടപ്ര പഞ്ചായത്തിലെ നാലാം വാർഡിൽ മുത്തൂറ്റ് പള്ളത്ത് മാലി വീട്ടിൽ രത്നമ്മ സുരേന്ദ്രനെ സഹായിക്കുന്നതിന് വേണ്ടിയാണ് തുക സമാഹരിച്ചത്. അർബുദ രോഗ ബാധിതയായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ള രത്നമ്മയുടെ വീടും ജീർണാവസ്ഥയിലാണ്. രത്നമ്മയുടെ ഭർത്താവും പ്രായാധിക്യമായ രോഗങ്ങളാൽ അവശതയിലാണ്. 24 വയസുള്ള മകന് പ്ലംബിംഗ് ജോലികളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രത്നമ്മയുടെ ചികിത്സയും വീട്ടുചെലവുകളും നടത്തിവന്നിരുന്നത്. മരുന്നുകൾക്കും നിത്യചെലവിനുമായി ഏറെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന്റെ ദുരവസ്ഥ ആശാവർക്കർ നിന്ന് മനസിലാക്കിയ നാലാം വാർഡിലെ കനിവ് സൊസൈറ്റി ഭാരവാഹികൾ കുടുംബത്തിന് സഹായഹസ്തവുമായി എത്തുകയായിരുന്നു. ഭാരവാഹികളായ സി.ആർ.രെജു, രമേശ് മാലിയിൽ, രഘുനാഥൻ നായർ, ഉണ്ണികൃഷ്ണൻ, മാത്യൂസ് എം.ചാക്കോ, രെഞ്ചു ആർ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി നടത്തിയ ധനശേഖരണത്തിലൂടെയാണ് തുക കണ്ടെത്തിയത്. രത്നമ്മയുടെ തുടർ ചികിത്സയ്ക്കുള്ള എല്ലാസഹായങ്ങളും നൽകുമെന്നും കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി തിരുവല്ല ഏരിയ ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി.ആന്റണി പറഞ്ഞു.