നിർമ്മാണോദ്ഘാടനം ഇന്ന്
----
പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 5 ന് മന്ത്രി അബ്ദുറഹ്മാൻ നിർവഹിക്കും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. കിഫ്ബി മുഖേന 47.9 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മാണം. നഗരസഭയുടെ 15 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം. 2018 ൽ സ്റ്റേഡിയത്തിനായി സർക്കാർ 50 കോടി രൂപ അനുവദിച്ച് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും ധാരണാ പത്രത്തിൽ നഗരസഭാ ഭരണസമിതി ഒപ്പുവച്ചില്ല. 2021 ൽ അധികാരത്തിൽ വന്ന പുതിയ നഗരസഭാ ഭരണസമിതിയാണ് ധാരണാ പത്രത്തിൽ ഒപ്പിട്ട് നിർമ്മാണത്തിന് നടപടി ആരംഭിച്ചത്.
ആദ്യ ഘട്ടത്തിൽ കിറ്റ്‌കോയെ പദ്ധതിയുടെ എസ്.പി.വി ആയി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, പദ്ധതി കിറ്റ്‌കോയ്ക്ക് തുടങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് കായിക വകുപ്പിന് കീഴിലെ സ്‌പോർട്സ് കേരള ഫൗണ്ടേഷൻ (എസ്.കെ.എഫ്) എസ് .പി വി ആയി ചുമതലപ്പെടുത്തി. സ്‌പോർട്സ് കേരള ഫൗണ്ടേഷൻ വിശദമായ മാസ്റ്റർ പ്ലാനും പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കി സമർപ്പിച്ചു. ഊരാളുങ്കൽ കോ ഓപ്പറേറ്റീവ് സൊസെറ്റി ലിമിറ്റഡാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.
നിർമ്മാണം ഇങ്ങനെ
ആദ്യഘട്ടം
---------------
8 ലെയ്ൻ 400 മീ. സിന്തറ്റിക് അത് ലറ്റിക് ട്രാക്ക്
നാച്വറൽ ഫുഡ്‌ബാൾ ടർഫ്
നീന്തൽക്കുളം
പവലിയനും ഗ്യാലറി മന്ദിരങ്ങളും
രണ്ടാം ഘട്ടം
-------------
ഹോസ്റ്റലിന്റെ നിർമ്മാണം.
------------------------
47.9 കോടി രൂപ ചെലവിൽ നിർമ്മാണം
--------------------
സിന്തറ്റിക്ക് ട്രാക്കുകൾക്കൊപ്പം നഗരവാസികൾക്കും മറ്റും നടക്കുന്നതിന് പ്രത്യേക ട്രാക്ക് വിഭാവനം ചെയ്തിട്ടുണ്ട്. നഗരത്തിന്റെ ഭാവി വികസനത്തിന് മുതൽക്കൂട്ടാകുന്ന ഒരു വലിയ പദ്ധതിയ്ക്കാണ് ഇന്ന് തുടക്കമിടുന്നത്.
ടി. സക്കീർ ഹുസൈൻ, നഗരസഭ ചെയർമാൻ
--------------------
എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മന്ത്രി വീണാ ജോർജ്