anathu-krishnan
അനന്തു കൃഷ്ണൻ

പത്തനംതിട്ട : മുക്കു പണ്ടം പണയംവച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അടൂർ ചൂരക്കോട് വല്ല്യന്റയ്യത്ത് അനന്തു കൃഷ്ണൻ(29), രാജേന്ദ്ര ഭവനിൽ എം.യദുകൃഷ്ണൻ(36) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ മണക്കാല ചിറ്റാണിമുക്ക് കൃഷ്ണാലയം വീട്ടിൽ അരുൺ കൃഷ്ണൻ(29) നേരത്തെ പിടിയിലായിരുന്നു. ചൂരക്കോട് പള്ളിമുക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് മുക്കുപണ്ടങ്ങൾ പണയം വച്ച് പണം തട്ടിയത്. ജനുവരി ആദ്യ ആഴ്ചയാണ് പ്രതികൾ ആദ്യം മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റുന്നത്. അടുത്ത ദിവസം വീണ്ടും പണയം വച്ച് പണം തട്ടിയെടുത്തു. വീണ്ടും പണയം വയ്ക്കാൻ എത്തിയപ്പോൾ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് സ്വർണം ഉരച്ചു നോക്കി മുക്കുപണ്ടമാണെന്ന് മനസ്സിലാക്കുകയായിരുന്നു. വിവരം അരുണിനോട് പറഞ്ഞപ്പോൾ അബദ്ധം പറ്റിയതാണെന്നും സ്വർണമാണെന്ന് കരുതിയാണ് മുക്കുപണ്ടം കൊണ്ടുവന്നതെന്നും പറഞ്ഞ് സ്ഥലംവിട്ടു .
തുടർന്ന് ആദ്യം സ്വർണമാണെന്ന് പറഞ്ഞ് അരുൺ നൽകിയ ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് അതും മുക്കുപണ്ടമാണെന്ന് കണ്ടെത്തി. പിന്നീട് അടൂർ പൊലീസിൽ പരാതി നൽകി. അരുണിനെ പിടികൂടിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനന്ദു കുടുങ്ങിയത്. ഒളിവിലായിരുന്ന യദുകൃഷ്ണനെ തിങ്കളാഴ്ച പുലർച്ചെ തൃശൂർ ഒല്ലൂരിൽ നിന്നാണ് പിടികൂടിയത്. ഇവർ അടൂർ, ഏനാത്ത് പ്രദേശങ്ങളിലെ വിവിധ ധനകാര്യ സ്ഥാപങ്ങളിൽ മുക്കുപണ്ടം പണയം വച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ പൊലീസ് മേധാവി വി.അജിത് പറഞ്ഞു. അടൂർ ഡിവൈ.എസ്.പി ആർ.ജയരാജിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്‌പെക്ടർ ആർ.രാജീവ്, എസ്.ഐ എം.പ്രശാന്ത്, എസ്.സി.പി.ഒ മാരായ സൂരജ്, ശ്യാം കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.