അടൂർ ജനറൽ ആശുപത്രിയുടെ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങണമെങ്കിൽ ഏറെ പാടുപെടും. രാവിലെ തന്നെ ഫാർമസിക്ക് മുന്നിലെ ചെറിയ ഹാൾ നിറയും. ഹാളിലേക്ക് കടക്കാൻ ഒറ്റ വാതിൽ മാത്രം. തിങ്ങിനിറഞ്ഞഹാളിൽ നിന്ന് ഒരാൾ പുറത്തേക്ക് ഇറങ്ങിയാൽ മറ്റൊരാൾക്ക് അകത്ത് കടക്കാനാകുന്ന അവസ്ഥ. വയല സ്വദേശി അറുപത്തേഴുകാരനായ ചന്ദ്രൻ ഹാളിനുള്ളിലെ തിരക്കിൽ നിന്ന് ജീവനുംകൊണ്ട് ആശ്വാസത്തോടെ പുറത്തിറങ്ങി. ഷുഗറിനും കൊളസ്ട്രോളിനുമുള്ള മരുന്ന് വാങ്ങാൻ എത്തിയതാണ് കൃഷിപ്പണിക്കാരനായ ചന്ദ്രൻ. ഡോക്ടറുടെ കുറിപ്പടിയിലെ മൂന്ന് മരുന്നുകളിൽ ഷുഗറിന്റെ ഒരെണ്ണം ഫാർമസിയിൽ നിന്ന് കിട്ടി. '' ഒരു മണിക്കൂർ ക്യൂ നിന്ന് തളർന്നു. കൗണ്ടറിൽ കുറിപ്പടി കൊടുത്തപ്പോഴാണ് രണ്ട് മരുന്നുകളില്ലെന്ന് പറയുന്നത്''. ഒരുദിവസത്തെ പണി ഉപേക്ഷിച്ച് വന്ന ചന്ദ്രൻ പുറത്തെ മെഡിക്കൽ സ്റ്റോറിലേക്ക് പോയി. പത്ത് ഗുളികകൾക്ക് 150രൂപ.
കടമ്പനാട് സ്വദേശി എഴുപതുകാരി സുമംഗല രക്തം കട്ടപിടിച്ചതിന് ചികിത്സയിലാണ്. രണ്ട് മരുന്ന് കഴിക്കണം. കൊളസ്ട്രോളിന്റെ സ്ഥിരമായി കഴിക്കുന്ന മരുന്ന് ഫാർമസിയിൽ ഇല്ല. പകരമുള്ളത് കിട്ടി. രണ്ടാമത്തെ മരുന്ന് പുറത്ത് മെഡിക്കൽ സ്റ്റോറിൽ 30 ടാബ് ലറ്റുകൾക്ക് 280 രൂപ കൊടുത്തുവാങ്ങി. ആശുപത്രിയിൽ അവശ്യമരുന്നില്ലാത്തതിന്റെ നേർക്കാഴ്ചകളാണ് ചന്ദ്രനും സുമംഗലയും.
ടോക്കൺ സംവിധാനം നിലച്ചു
ജനറൽ ആശുപത്രിയിലെ ടോക്കൺ സംവിധാനം പ്രവർത്തിക്കുന്നില്ല. കൗണ്ടറിൽ നിന്ന് ലഭിക്കുന്ന നമ്പരിട്ട കുറിപ്പടിയുമായി വേണം ഡോക്ടർമാരെ കാണാൻ. ഒ.പി മുറികളുടെ വാതിലിന് മുകളിൽ ടോക്കൺ സിസ്റ്റം ലൈറ്റണഞ്ഞിട്ട് ദിവസങ്ങളായി. ഇടിച്ചുകയറി നഴ്സുമാരുടെ കയ്യിൽ ചീട്ട് കൊടുക്കണം. തിരക്കൊന്ന് ഒഴിയട്ടെ എന്നുകരുതി മാറിനിന്നാൽ അവസാനം മടങ്ങാം.
കസേര കിട്ടിയാൽ ഭാഗ്യം
രോഗികൾക്ക് ഇരിക്കാനിടമില്ല. ഇടനാഴി അടഞ്ഞാണ് ഡോക്ടറെ കാണാൻ കാത്തുനിൽപ്പ്. ലബോറട്ടറിക്ക് മുന്നിലും ഇതാണ് സ്ഥിതി. ഇരിക്കാൻ ഒന്നോ രണ്ടോ കസേരകൾ മാത്രം.
ഡോക്ടർമാരില്ല, കോമയിൽ ട്രോമ
ആശുപത്രിയിലെ ട്രോമാകെയർ യൂണിറ്റ് പൂർണതോതിൽ പ്രവർത്തനസജ്ജമായില്ല. അപകടങ്ങളിൽ പരിക്കേറ്റുവരുന്നവരെ ട്രോമാകെയർ സംവിധാനം ഇല്ലാത്തതിനാൽ പ്രാഥമിക ചികിത്സനൽകി മെഡിക്കൽ കോളേജിലേക്ക് വിടുകയാണ് പതിവ്.
5.85 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ട്രോമാ കെയർ യൂണിറ്റിൽ മൈനർ ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു, നിരീക്ഷണ വാർഡ്,വെന്റിലേറ്റർ,ലാബ് അടക്കമുള്ള സൗകര്യങ്ങളുമുണ്ട്.
ഹൃദ്രോഗ വിദഗ്ദ്ധനും ന്യൂറോ സർജനുമില്ല. ആശുപത്രിയിൽ സ്പെഷ്യാലിറ്റി സൗകര്യങ്ങളില്ലാത്തതുകൊണ്ടാണ് ഡോക്ടർമാരെ നിയമിക്കാത്തതെന്ന് അധികൃതർ പറയുന്നു. ഒാർത്തോവിഭാഗത്തിലെ ഡോക്ടറിനാണ് ചുമതല.
രോഗികളുമായി വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആശുപത്രിയിൽ സ്ഥലമില്ല. അടൂർ നഗരത്തിലെ പേ ആൻഡ് പാർക്കിംഗിനെ ആശ്രയിക്കണം.
ആശുപത്രിയിൽ എക്സറേ യൂണിറ്റ്, ലബോറട്ടറി, ബ്ളഡ് ബാങ്ക്, ഗൈനക്കോളജി വിഭാഗം, കോൺഫറൻസ് ഹാൾ എന്നിവയുടെ നിർമാണം തുടങ്ങി.