
പത്തനംതിട്ട: അവസാനം തിരക്കഥയെഴുതിയ ' ഒരു സർക്കാർ ഉത്പന്നം" സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഒരുപിടി സ്വപ്നം ബാക്കിയാക്കി തിരക്കഥാകൃത്ത് നിസാം റാവുത്തർ ഓർമ്മയാകുന്നത്. തിരശീലയിലെത്തിക്കാൻ കൊതിക്കുന്ന കഥകളെക്കുറിച്ച് കഴിഞ്ഞ ദിവസവും സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. 'ഒരു സർക്കാർ ഉത്പന്നം" സിനിമയുടെ പോസ്റ്ററുകളും ദൃശ്യങ്ങളും മരണത്തിന് മണിക്കൂറുകൾക്ക് മുമ്പും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഒരു ഭാരത് സർക്കാർ ഉല്പന്നം എന്നായിരുന്നു ആദ്യ പേര്. ഭാരത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡാണ് ആവശ്യപ്പട്ടത്. ഇതേത്തുടർന്ന് ഭാരത് വെട്ടിമാറ്റിയ പോസ്റ്ററിലൂടെ നിസാം പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ജീവിതത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള മനോഹരമായ എഴുത്തുകളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്ന നിസാമിന് ആരാധകരും ഏറെയായിരുന്നു. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിത മേഖലകളിൽ നടത്തിയ പ്രവർത്തനവും നിസാമിനെ ശ്രദ്ധേയനാക്കി.
 കാസർകോട്ടേക്കുള്ള സ്ഥലംമാറ്റം ചോദിച്ചുവാങ്ങി
ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പക്ടറായ നിസാം സ്ഥലംമാറ്റം ചോദിച്ച് വാങ്ങിയാണ് കാസർകോട്ടെത്തിയത്. എൻഡോസൾഫാൻ ദുരിത ബാധിതരെക്കുറിച്ചുള്ള 'ആഫ്റ്റർ ദ ഡെല്യൂജ് 'എന്ന ഡോക്യുമെന്ററിയും തയ്യാറാക്കി. എയ്ഡ്സ് ബാധിതയായ ഹവ്വാബി എന്ന സ്ത്രീയെക്കുറിച്ചെഴുതിയ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിതാവ് മീരാ സാഹിബ് വർഷങ്ങളോളം കാസർകോട് വാണിജ്യനികുതി വകുപ്പിൽ ഉദ്യാഗസ്ഥനായിരുന്നു. ഇവിടെയായിരുന്നു മുമ്പ് നിസാമിന്റെയും താമസം. സക്കറിയായുടെ ഗർഭിണികൾ എന്ന സിനിമയിൽ റീമാ കല്ലിങ്കലിന്റെ കഥാപാത്രത്തെക്കൊണ്ട് സംസാരിപ്പിച്ച് കാസർകോട്ടെ നാട്ടുഭാഷ നിസാം പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു. സ്ത്രീപക്ഷ സിനിമ എന്ന നിലയിൽ നിസാം തിരക്കഥയെഴുതിയ 'റോഡിയോ"യും ചർച്ചചെയ്യപ്പെട്ടു.
കുട്ടികളുടെ നിഷ്കളങ്ക മനസായിരുന്നു നിസാമിന്റേതെന്ന് 'ഒരു സർക്കാർ ഉത്പന്നം" എന്ന സിനിമയുടെ സംവിധായകൻ ടി.വി. രഞ്ജിത്ത്ഓർക്കുന്നു. ഒരുമിച്ചുകണ്ട സ്വപ്നത്തിൽ നിന്ന് തങ്ങളെ തനിച്ചാക്കിയാണ് നിസാം യാത്രയായതെന്ന് നടൻ സുബീഷ് സുധിയും ക്യാമറാമാൻ അൻസാർ ഷായും പറഞ്ഞു.