അടൂർ : അടൂരിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ അടിയന്തര യോഗം വിളിച്ചുചേർത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. വാട്ടർ അതോറിട്ടിയുടെ ശുദ്ധജല വിതരണം കാര്യക്ഷമമായി പല ഭാഗങ്ങളിലും എത്തുന്നില്ല എന്ന പരാതിയെ തുടർന്നായിരുന്നു യോഗം. ജനപ്രതിനിധികളും, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും പങ്കെടുത്തു. അമൃത് പദ്ധതി, ജലജീവൻ മിഷൻ പദ്ധതി വഴി വാട്ടർ കണക്ഷനുകൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഉൽപാദനം പഴയതോതിൽ തന്നെയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സ്ഥിതി രൂക്ഷമാകും. ഈ സാഹചര്യത്തിൽ വാട്ടർ അതോറിട്ടി ജീവനക്കാർ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന് ചിറ്റയംഗോപകുമാർ പറഞ്ഞു. ഇതിനായി എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വാൽവ് ഓപ്പറേറ്റർമാർ അടക്കമുള്ള ജീവനക്കാരുടെ യോഗം വിളിച്ചുചേർക്കും. പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്ന ജലവിതരണം ഷെഡ്യൂൾ ചെയ്ത് ഭരണസമിതിയെ അറിയിക്കണം. എല്ലാ ഭാഗത്തും ജലവിതരണം എത്തുന്നുണ്ടോ എന്ന് ഭരണസമിതി പരിശോധിക്കും. മണ്ഡലം തലത്തിലുള്ള വിഷയങ്ങൾ ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് പരിശോധിക്കും. പൂർണതോതിലുള്ള കുടിവെള്ള വിതരണം ഉടൻതന്നെ ആരംഭിക്കണം എന്ന് ഡെപ്യൂട്ടി സ്പീക്കർ കർശന നിർദേശം നൽകി.

യോഗത്തിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, നഗരസഭ വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ശ്രീധരൻ, സന്തോഷ് ചാത്തന്നപ്പുഴ,റോണി സക്കറിയ, പ്രിയങ്ക പ്രതാപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ എസ്.രാധാകൃഷ്ണൻ, എം.മനു, റാഹേൽ,തോമസ് വർഗീസ്, പഞ്ചായത്ത് മെമ്പർ ലതാ ശശി, വാട്ടർ അതോറിട്ടി അസി..എക്സിക്യൂട്ടീവ് എൻജിനീയർമാരായ രേഖ ആലീസ്, പ്രദീപ് ചന്ദ്ര, അസി.. എൻജിനീയർമാരായ സജി.എസ്, ആര്യ.എം ഓവർസിയർമാർ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത്, നഗരസഭാ തലത്തിൽ യോഗം ചേരും

കുടിവെള്ള പ്രശ്നം ചർച്ച ചെയ്യാൻ നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, നഗരസഭാ തലത്തിൽ യോഗം ചേരും.

അടൂർ നഗരസഭയോഗം 12 ന് രാവിലെ 11 ന്. പന്തളം നഗരസഭായോഗം 13ന് രാവിലെ 11ന്. ഏഴംകുളം പഞ്ചായത്ത് തല യോഗം 12 ന് ഉച്ചയ്ക്ക് 2.30. കൊടുമണ്ണിൽ 11ന് രാവിലെ 10.30. പന്തളം തെക്കേക്കരയിൽ11ന് ഉച്ചയ്ക്ക് 2.30 . തുമ്പമണ്ണിൽ 7ന് രാവിലെ 11. കടമ്പനാട്ട് 11ന് രാവിലെ 11ന് .ഏറത്ത് ഇന്ന് ഉച്ചയ്ക്ക് 2.30 ന്