പ്രമാടം : വർഷങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ളാക്കൂർ പഞ്ചായത്തുപടി - ഷാപ്പുപടി റോഡിൽ റീ ടാറിംഗ് തുടങ്ങി. തകർന്ന് തരിപ്പണമായി കിടന്ന റോഡിന്റെ ദുരവസ്ഥ സംബന്ധിച്ച് കേരള കൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് അറ്റകുറ്റപ്പണി നടത്താൻ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഗ്രാമപഞ്ചായത്തിനും കോന്നി പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും നിർദ്ദേശം നൽകി. ആധുനിക നിലവാരത്തിൽ ടാർചെയ്യാനാണ് നടപടി.
പ്രമാടം ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡായ ളാക്കൂരിലാണ് റോഡ് . നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. ടാറിംഗ് ഇളകി മെറ്റലുകൾ റോഡിൽ നിരന്നുകിടക്കുന്നതിനാൽ വാഹന അപകടങ്ങൾ പതിവായിരുന്നു. ടയറുകൾക്കിടയിൽപ്പെടുന്ന മെറ്റലുകൾ തെറിച്ച് വീടുകളുടെ ജനൽ ചില്ലുകൾ തകരുകയും കാൽനട യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നാല് വർഷം മുമ്പാണ് ചെറിയ രീതിയിൽ ഇവിടെ അറ്റകുറ്റപ്പണി നടത്തിയത്. ദിവസേന നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്.
എളുപ്പവഴി
ചന്ദനപ്പള്ളി ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾക്ക് പൂങ്കാവ്, കോന്നി ജംഗ്ഷനുകൾ ചുറ്റിക്കറങ്ങാതെ വകയാർ, പുനലൂർ, പത്തനാപുരം ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും. ശബരിമല സീസണിൽ അച്ചൻകോവിൽ, തമിഴ്നാട് ഭാഗങ്ങളിൽ നിന്ന് നിരവധി വാഹനങ്ങൾ ഇതുവഴി എത്താറുണ്ട്.
അറ്റകുറ്റപ്പണി നടത്തിയത് 4 വർഷം മുമ്പ്...