മല്ലപ്പള്ളി : വർഷങ്ങളായി ദുരിതയാത്ര നേരിടേണ്ടിവന്ന കാവനാൽക്കടവ് - നെടുങ്കുന്നം റോഡിന്റെ കരാർ നടപടികൾ പൂർത്തിയായി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റോഡ് പുനരുദ്ധാരണ പ്രവർത്തികൾക്കായി പൊതുമരാമത്ത് മല്ലപ്പള്ളി സെക്ഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലെവൽസ് എടുക്കുന്ന പ്രവർത്തികൾ ഫെബ്രുവരി 6ന് പൂർത്തീകരിച്ചിരുന്നു. ഉന്നത തലത്തിലുള്ള അംഗീകാരത്തിനായി ഉടൻ സമർപ്പിക്കുകയും പുതിയകലുങ്ക് നിർമ്മാണത്തിനുള്ള നിർമ്മാണ ജോലികൾ ആരംഭിക്കുകയും ചെയ്തു. സ്ഥിരമായി വെള്ളക്കെട്ടുള്ള ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിനു സമീപത്ത് പുതിയ കലുങ്കിന്റെ നിർമ്മാണം 200 മീറ്ററോളം ദൂരത്തിൽ 70 മീറ്റർ ഉയത്തിലുള്ള നിർമ്മാണ പ്രവർത്തികളാണ് പുരോഗമിക്കുന്നത്. ഇവിടെ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു.കലുങ്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇവിടെ നിരന്തരമായി അനുഭവിച്ചു വരുന്ന വെള്ളക്കെട്ടിന് പരിഹാരമാകും.
കാവനാൽക്കടവ് പാലത്തിന് സമീപത്തു നിന്നും നൂറോമ്മാവ് കവല വരെയുള്ള 2.5 കിലോമീറ്റർ ദൂരത്തിലാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ആദ്യഘട്ട പ്രവർത്തികൾ നടത്തുവാൻ തീരുമാനിച്ചിരുന്നത്.നിലവിലുള്ള റോഡിന്റെ വീതി കുറഞ്ഞ ഭാഗങ്ങൾ ജിഎസ്ബി , ഡബ്ലു എം.എം എന്നിവ ഉപയോഗിച്ച് ഉയർത്തി 5.50 മീറ്റർ വീതിയിലാണ് ടാറിംഗ്. വെള്ളമൊഴുകുന്നതിന് ആവശ്യമായ ഓടയും ഇതോടൊപ്പം നിർമ്മിക്കുവാനാണ് പദ്ധതി.
നിർമ്മാണച്ചെലവ് 4.043 കോടി
...................................................
2.5 കിലോമീറ്റർ ദൂരം
5.50 മീറ്റർ വീതിയിൽ ടാറിംഗ്