പത്തനംതിട്ട: വാഴമുട്ടം നാഷണൽ യു.പി സ്‌കൂളിന്റെ 68ാം വാർഷികം ഇന്ന് ആക്ലേത്ത് എം. ചെല്ലപ്പൻപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒൻപതിന് സ്‌കൂൾ മാനേജർ ബി. ഗോപിനാഥപിള്ള പതാക ഉയർത്തും. ഉച്ചയ്ക്ക് മൂന്നിന് പൊതുസമ്മേളനം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദേശീയ തലത്തിൽ വിജയികളായ കായികതാരങ്ങൾക്കുള്ള പുരസ്കാര വിതരണവും മുഖ്യപ്രഭാഷണവും വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ നിർവഹിക്കും. കോന്നി ഉപജില്ല ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കുട്ടികൾക്കുള്ള പഞ്ചായത്തിന്റെ പുരസ്‌കാരം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന രാജൻ വിതരണം ചെയ്യും. ഗണിതശാസ്ത്രമേളയിൽ റണ്ണറപ്പ് ആയ പ്രതിഭകൾക്കുള്ള അനുമോദനം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഭാഷ് ജി. നടുവിലെതിൽ നിർവഹിക്കും. സാംസ്‌കാരിക പ്രവർത്തകൻ എസ്.പ്രസന്നകുമാർ 'ഇതിഹാസ്' ബുള്ളറ്റിൻ പ്രകാശനംചെയ്യും. യു.എസ്.എസ് സ്‌കോളർഷിപ്പിന് അർഹരായ കുട്ടികൾക്കുള്ള അനുമോദനം ഗ്രാമപഞ്ചായത്ത് അംഗം ലിസി ജോൺസൺ നിർവഹിക്കും. എൻഡോവ്‌മെന്റ് വിതരണം ഗ്രാമപഞ്ചായത്ത് അംഗം ലക്ഷ്മിയും കലോത്സവ വിജയികൾക്കുള്ള അനുമോദനം റോളർ സ്‌കേറ്റിംഗ് ലോകചാമ്പ്യൻ അഭിജിത്ത് അമൽരാജും നിർവഹിക്കും. അദ്ധ്യാപന ജീവിതം പൂർത്തീകരിച്ച വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അംഗം എസ്. ഗീതാകുമാരിയെ കെ.യു ജനീഷ് കുമാർ ആദരിക്കും. വൈകിട്ട് ആറിന് നാടൻപാട്ട് കലാകാരനും പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എൻ.നവനീത് കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ നൃത്ത പരിപാടികൾ, പാർവതി ജഗീഷ് നയിക്കുന്ന തത്സമയ സംഗീത വിരുന്ന് എന്നിവ നടക്കും.

പത്ര സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ രാജേഷ് ആക്ലേത്ത്, ഹെഡ്മിസ്ട്രസ് ജോമി ജോഷ്വാ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ദീപ്തി ആർ. നായർ, സ്‌കൂൾ ലീഡർ അഭിമന്യു അജയ്, വിദ്യാർത്ഥി പ്രതിനിധി അൽ അമീൻ എന്നിവർ പങ്കെടുത്തു.