07-vayarapuzha-palam

പന്തളം: നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം വയറപ്പുഴ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ 9ന് ഞെട്ടൂരിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടതിഥിയായിരിക്കും.

ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും നിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധനവുണ്ടായതിനാൽ കരാറുകാരൻ പിൻവാങ്ങുകയായിരുന്നു. പദ്ധതി തുക കൂട്ടി നൽകണമെന്ന ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ പദ്ധതിച്ചെലവ് തുക വർദ്ധിപ്പിക്കുകയായിരുന്നു.

ആദ്യം 8.5 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത്.

കെ.സി.രാജഗോപാലൻ എം.എൽ.എ ആയിരിക്കുമ്പോഴാണ് പാലത്തിനുവേണ്ടി ആദ്യശ്രമം തുടങ്ങുന്നത്. അന്ന് മണ്ണ് പരിശോധനയും സ്ഥലം ഏറ്റെടുപ്പും നടന്നു. പിന്നീട് വീണാജോർജ് എം.എൽ.എയായി വന്നതോടെ പദ്ധതി പുനരുജ്ജീവിപ്പിച്ചു.

കടത്തുവള്ളവും താത്കാലിക പാലവും
വയറപ്പുഴ കടവ് കടക്കാൻ ആശ്രയം കടത്തുവള്ളമാണ്. പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവകാലത്ത് മഹാദേവ ഹിന്ദുസേവാ സമിതിയും കരക്കാരും ചേർന്ന് താത്ക്കാലിക പാലം പണിയാറുണ്ട്. ഇത്തവണയും താത്കാലിക പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.

അച്ചൻകോവിലാറിന് കുറുകെ പന്തളം നഗരസഭയേയും കുളനട പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാലമാണിത്.

പുതിയ പാലം

അച്ചൻകോവിലാറിനു കുറുകെ പന്തളം നഗരസഭയിലെ മുളമ്പുഴയേയും കുളനട പഞ്ചായത്തിലെ ഞെട്ടൂർ കരയേയും ബന്ധിപ്പിച്ചാണ് പാലം പണിയുന്നത്. പന്തളം കവലയിലെ ഗതാഗതക്കുരുക്കിൽ പെടാതെ എം.സി റോഡിൽ യാത്ര മാർഗം തുറന്നുകിട്ടുമെന്നതാണ് പുതിയ പാലത്തിന്റെ പ്രധാന നേട്ടം. മാവേലിക്കര ഭാഗത്തുനിന്ന് ചെങ്ങന്നൂർ, കോട്ടയം ഭാഗത്തേക്ക് പോകാനുള്ളവർക്ക് പന്തളം കവല ചുറ്റാതെ മാന്തുകയിലെത്തി എം.സി റോഡിലേക്ക് പ്രവേശിക്കാനും കഴിയും.

പദ്ധതി തുക 9.35 കോടി
നീളം : 104 മീറ്റർ, വീതി : 11 മീറ്റർ, ഇരുവശങ്ങളിലും നടപ്പാത.