crime

പത്തനംതിട്ട: ആറുവയസുകാരനെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ശിശുക്ഷേമ സമിതയംഗവും (സി.ഡബ്ല്യു.സി) അഭിഭാഷകയും സി.പി.എം പ്രവർത്തകയുമായ കാർത്തികയ്ക്കെതിരെ മലയാലപ്പുഴ പൊലീസ് കേസെടുത്തു. ആറു വയസുള്ള കുട്ടിയെയും അമ്മയെയും മാരകായുധം ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും കാർത്തികയുടെ ഭർത്താവുമായ അർജുൻദാസാണ് ഒന്നാംപ്രതി. അനധികൃത പാറകടത്തുമായി ബന്ധപ്പെട് അർജുൻദാസിനെതിരെ പാർട്ടി അംഗങ്ങൾ രംഗത്തുവന്നിരുന്നു. ഇരുവിഭാഗങ്ങൾ തമ്മിൽ പ്രദേശത്ത് സംഘർഷവും നടന്നിരുന്നു. പാറ കടത്തിനെതിരേ പരാതി നൽകിയവരുടെ വീട്ടിലെ കുട്ടിയെയാണ് ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. അതേസമയം, പരാതി വ്യാജമാണെന്നും മലയാലപ്പുഴ പൊലീസ് അന്യായമായാണ് കേസെടുത്തതെന്നും ഇതിനെതിരേ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും കാർത്തിക പ്രതികരിച്ചു. മാർച്ച് ഒന്നിന് രാത്രി മലയാലപ്പുഴ താഴം ഭാഗത്തു നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അർജുൻദാസിന്റെ സഹോദരൻ അരുൺദാസ്, ഭാര്യ സലീഷ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.
അർജുൻദാസിന്റെ വീടിനോടുചേർന്ന പറമ്പിൽ നിന്ന് പാറഖനനം നടത്തുന്നതായ പരാതിയാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് ഇരുവിഭാഗത്തിൽ പെട്ടവരുടെയും വീടുകൾക്കു നേരെ കല്ലേറുണ്ടായി.