ചെങ്ങന്നൂർ: ബസുകൾ കുറവ്, ഇടിഞ്ഞുവീഴാറായ കെട്ടിടം.... ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പരിമിതികൾ ഏറെയാണ്. യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി നിരവധി സർവീസുകളാണ് നിറുത്തലാക്കിയത്. പ്രാഥമികാവശ്യം നിറവേറ്റാൻ ടോയ്ലറ്റ് പോലുമില്ല.യാത്രക്കാർക്കുള്ള ഇരിപ്പിടവുമില്ല.കെ.എസ്.ആർ.ടി.സി സർവീസുകളെ ആശ്രയിക്കുന്ന നിരവധിപ്പേരാണ് ഇൗ മേഖലയിലുള്ളത്. ഡിപ്പോയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതായതോടെ ഇവർ ബുദ്ധിമുട്ടുകയാണ്. കൊവിഡ് കാലത്തും തുടർന്നും നിരവധി സർവീസുകളാണ് നിലച്ചത്. ഡിപ്പോയിൽ 5 ഡ്രൈവർമാരുടെ കുറവുണ്ട്. ഇതുമൂലം ഡിപ്പോയിൽ നിന്ന് 7 ബസുകൾ മറ്റ് ഡിപ്പോകളിലേക്കു മാറ്റി. ഇവയിൽ 2 എണ്ണം ഇനിയും തിരികെ ലഭിക്കാനുണ്ട്.
പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കാൻ മാസ്റ്റർപ്ലാൻ തയ്യാറായിട്ടു മാസങ്ങളായിട്ടും തുടർ നടപടിയില്ല. 1963ൽ നിർമ്മിച്ച പ്രധാന കെട്ടിടത്തിന്റെ മിക്ക ഭാഗവും പൊളിഞ്ഞു. കഴിഞ്ഞവർഷം സെപ്തംബറിലാണ് വനിതാജീവനക്കാരുടെ വിശ്രമസ്ഥലത്തെ സീലിങ് ഫാൻ ഇളകിവീണ് വനിതാ കണ്ടക്ടർക്ക് പരിക്കേറ്റത്. മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നുണ്ട്. ബസ് സ്റ്റേഷന് മുന്നിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിലെ ഡ്രൈവർമാർ ഇതുമൂലം ഭീതിയിലാണ്. കഴിഞ്ഞ നവംബറിൽ മേൽക്കൂരയിൽ നിന്ന് രണ്ടു മീറ്ററോളം നീളത്തിൽ കോൺക്രീറ്റ് അടർന്നുവീണിരുന്നു.
ശബരിമല തീർത്ഥാടന കാലത്ത് പതിനായിരക്കണക്കിന് തീർത്ഥാടകരാണ് ചെങ്ങന്നൂർ ഡിപ്പോയിൽ എത്തുന്നത്.
കെട്ടിടമായിട്ടും പ്രയോജനമില്ല
പി.സി.വിഷ്ണുനാഥ് എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്ന് 2.17 കോടി ചെലവഴിച്ച് നിർമ്മിച്ച ഗാരേജ് കം ഓഫിസ് കോംപ്ലക്സിന്റെ നിർമ്മാണം പൂർത്തിയായിട്ടും ജീവനക്കാർക്ക് ഇവിടേക്കു മാറാൻ സാധിക്കുന്നില്ല. കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്തിന് മുന്നോടിയായി ഡിപ്പോയുടെ പ്രവർത്തനം ഇവിടേക്ക് മാറ്റുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. തീർത്ഥാടനകാലം അവസാനിച്ചിട്ട് മാസമൊന്നു കഴിഞ്ഞിട്ടും നടപടിയില്ല. വൈദ്യുതി കിട്ടിയത് ഈയിടെയാണ്.
@ നിരവധി സർവീസുകൾ നിലച്ചു
@ 5 ഡ്രൈവർമാരുടെ കുറവ്
@ പഴയ കെട്ടിടം പൊളിഞ്ഞുവീഴുന്നു
എന്നും രാവിലെ കൊല്ലത്തു പോയി ജോലി ചെയ്യുന്ന ആളാണ്. ബസ് കിട്ടാൻ താമസിച്ചാൽ വെയിറ്റിംഗ് ഷെഡിൽ ഇരിക്കാൻ പേടിയാണ്, ഇളകി വീഴുമോ എന്നാണ് പേടി.
സജി , യാത്രക്കാരൻ