തിരുവല്ല: ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (എ.കെ.പി.സി.ടി.എ) 66-ാം സംസ്ഥാന സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2ന് തിരുവല്ല ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് കോളേജിൽ വനിതാ സംഗമത്തോടെ തുടങ്ങും. മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ.ശ്രീമതി വനിതാസംഗമം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ.എസ് ഷാജിത അദ്ധ്യക്ഷയാകും.രാവിലെ 8.30ന് അദ്ധ്യാപകരുടെ കായികമത്സരങ്ങൾ എസ്.സി.എസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. നാളെ രാവിലെ 9.30ന് മുത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ.ആർ ബിന്ദു മുഖ്യപ്രഭാഷണം നിർവഹിക്കും. മികച്ച കോളേജ് യുണിയൻ പ്രവർത്തനങ്ങൾക്ക് നൽകുന്ന അഭിമന്യു അവാർഡ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി യൂണിയന് മന്ത്രി സമ്മാനിക്കും.ഉച്ചയ്ക്ക് 2ന് യാത്രയപ്പ് സമ്മേളനം മുൻമന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് പ്രകടനം . 5ന് മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മുൻധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നിർവഹിക്കും. ഞായറാഴ്ച രാവിലെ 8.30ന് പ്രതിനിധി സമ്മേളനം.11ന് അസോസിയേഷൻ സ്ഥാപകൻ ആർ.രാമചന്ദ്രൻ അനുസ്മരണ സമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ശബ്നംഹാഷ്മി പ്രഭാഷണം നടത്തും. ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽസെക്രട്ടറി ഡോ.സി.പത്മനാഭൻ, പ്രസിഡന്റ് ഡോ.കെ.ബിജുകുമാർ, സ്വാഗതസംഘം ചെയർമാൻ പി.ബി.ഹർഷകുമാർ, ജനറൽകൺവീനർ ഡോ.എ.യു.അരുൺ, ജില്ലാസെക്രട്ടറി റെയ്‌സൺ സാംരാജു, ജില്ലാപ്രസിഡന്റ് ഡോ.പി.സി.ലതാകുമാരി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.