1
അമൃതം ഫുഡ് സപ്ലിമെൻ്റ് യൂണിറ്റിലെ അംഗങ്ങളായ ഓമന സന്തോഷ്, സുജാത രാജൻബാബു, സിന്ധു മോനിച്ചൻ.

മല്ലപ്പള്ളി : പ്രതിസന്ധികളെ അതിജീവിച്ച് കൂട്ടായ്മയിലൂടെ മുന്നേറുകയാണ് ഇൗ കുടുംബശ്രീ സംരംഭം. ഏഴ് വനിതകളുടെ ആത്മാർപ്പണമാണ് അനുഗ്രഹ ആൻഡ് തേജസ് ന്യൂട്രിമിക്സ് യൂണിറ്റിന്റെ ( അമൃതം ഫുഡ് സപ്ലിമെന്റ്) വിജയം. മല്ലപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കീഴ് വായ്പൂരിൽ 18 വർഷമായി യൂണിറ്റ് പ്രവർത്തിക്കുന്നു. 2006 ൽ 10 കുടുംബശ്രീ അംഗങ്ങളുടെ പരിശ്രമ ഫലമായി ചെറിയ യൂണിറ്റായാണ് തുടങ്ങിയത്. 2007 ൽ യൂണിയൻ ബാങ്കിൽ വായ്പാ ഇനത്തിൽ ലഭിച്ച 4, 20,000 രൂപ മുടക്കി ആധുനികവത്കരിച്ചു. പ്രവർത്തനം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം അംഗങ്ങളുടെ ഒത്തൊരുമയാണ് തുണയാകുന്നത്. അങ്കണവാടികളിലേക്കുള്ള അമൃതം, അംഗന പൊടികളാണ് നിർമ്മിക്കുന്നത്. റാന്നി ഐ.സി.ഡി.എസിലെ റാന്നി, അങ്ങാടി, പഴവങ്ങാടി പഞ്ചായത്തുകളിലേക്കും മല്ലപ്പള്ളി ഐ.സി.ഡി.എസിലെ കവിയൂർ, കുന്നന്താനം, കല്ലൂപ്പാറ,മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ , കൊറ്റനാട് പഞ്ചായത്തുകളിലേക്കുമാണ് നൽകുന്നത്. ആദ്യകാലങ്ങളിൽ ഒരു കിലോ പൊടിയ്ക്ക് ലഭിച്ചിരുന്ന 70 രൂപയാണ് ഇപ്പോഴും. കപ്പലണ്ടി, കടലപ്പരിപ്പ്, സോയ, പഞ്ചസാര, ചെറുപയർ, ഉഴുന്ന്, റാഗി, പച്ചരി, ഗോതമ്പ് എന്നിവയുടെ വില വർദ്ധിച്ചതോടെ നിർമ്മാണം പ്രതിസന്ധിയിലാണ്. ഗോതമ്പിന് സബ്സിഡി ലഭിക്കാറുണ്ട്.കപ്പലണ്ടി, കടലപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്ക് സബ്സിഡി ലഭിക്കുവാൻ മന്ത്രി തലത്തിൽ നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ബാങ്ക് വായ്പയുടെ തിരിച്ചടവും അംഗങ്ങളുടെ പ്രതിമാസ വേതനവുമാണ് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തോടെ പ്രതിസന്ധിയിലായത്. പ്രസിഡന്റ് ഓമന സന്തോഷ്, സെക്രട്ടറി സുജാതാ രാജൻബാബു,സിന്ധു മോനിച്ചൻ, രതി ഗോപിനാഥൻ, സുമ ഗോപാലകൃഷ്ണൻ, ഇന്ദിര അനിയൻ, റോസമ്മ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.

കപ്പലണ്ടി, കടലപ്പരിപ്പ്, സോയ, പഞ്ചസാര, ചെറുപയർ, ഉഴുന്ന്, റാഗി, പച്ചരി, ഗോതമ്പ് എന്നിവയുടെ വില വർദ്ധിച്ചതോടെ നിർമ്മാണം പ്രതിസന്ധിയിലാണ്. ഗോതമ്പിന് സബ്സിഡി ലഭിക്കാറുണ്ട്.കപ്പലണ്ടി, കടലപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്ക് സബ്സിഡി ലഭിക്കുവാൻ മന്ത്രി തലത്തിൽ നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല.