raji

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെ 15ാമത് പ്രസിഡന്റായി ആനിക്കാട് ഡിവിഷൻ അംഗം രാജി പി.രാജപ്പൻ അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. ഉപവരണാധികാരിയായ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി.സുരേഷ് ബാബു സത്യവാചകം ചൊല്ലിക്കൊടുത്തു.
ഈ ഭരണസമിതി അധികാരമേറ്റ ആദ്യഘട്ടത്തിൽ വൈസ് പ്രസിഡന്റായിരുന്നു. മുൻധാരണ പ്രകാരം കാലാവധി പൂർത്തിയാക്കിയ അഡ്വ.ഓമല്ലൂർ ശങ്കരൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനിൽകുമാർ, മുൻ പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ആർ.അജയകുമാർ, ബീനാപ്രഭ, ജിജി മാത്യു, ലേഖാസുരേഷ്, സെക്രട്ടറി എ.എസ്.നൈസാം, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

'' ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന പദ്ധതികളുടെ പൂർത്തീകരണത്തിനാവശ്യമായ പ്രവർത്തനങ്ങൾ സാദ്ധ്യമാക്കും.

രാജി പി.രാജപ്പൻ.

ജില്ലാ കൗൺസിൽ തീരുമാനം അട്ടിമറിച്ചു

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ നിർദേശിക്കാനുള്ള സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് യോഗം വൻ വാഗ്വാദത്തിൽ കലാശിച്ചു. ഒടുവിൽ, ആനിക്കാട് ഡിവിഷൻ അംഗം രാജി പി.രാജപ്പനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിക്കുകയായിരുന്നു. സി.പി.എെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്ത ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ യോഗത്തിൽ പള്ളിക്കൽ ഡിവിഷൻ അംഗം ശ്രീനാദേവി കുഞ്ഞമ്മയെ പ്രസിഡന്റാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇത് സംസ്ഥാന സെക്രട്ടറി അംഗീകരിച്ച് മടങ്ങിയശേഷം നടന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് ശ്രീനാദേവിയെ മറികടന്ന് രാജി പി.രാജപ്പനെ പ്രസിഡന്റാക്കാൻ തീരുമാനിച്ചത്. പാർട്ടി ജില്ലാ കൗൺസിലിൽ ശ്രീനാദേവിയെ പ്രസിഡന്റാക്കണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ജില്ലാ എക്സിക്യൂട്ടീവിൽ മുൻ ജില്ലാസെക്രട്ടറി എ.പി.ജയനെ അനുകൂലിക്കുന്നവർക്കാണ് മുൻഗണന. നിലവിലുള്ള പതിനൊന്നിൽ ഒൻപതു പേരും ജയൻ പക്ഷക്കാരാണ്. എ.പി.ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ കാരണമായ പരാതി സംസ്ഥാന സെന്ററിന് നൽകിയത് ശ്രീനാദേവിയാണ്. രാജി പി.രാജപ്പന്റെ സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ ശ്രീനാദേവി ഹാൾ വിട്ടുപോയി.

'' പാർട്ടി തീരുമാനം അംഗീകരിക്കുന്നു.

ജനക്ഷേമത്തിനായി തുടർന്നും പ്രവർത്തിക്കും.

ശ്രീനാദേവി കുഞ്ഞമ്മ