
കലഞ്ഞൂർ : 2022 സെപ്തംബർ 17, പറയംകോട‌് ചാവടിമലയിൽ വിദ്യയ്ക്ക് ഇൗ ദിവസം മറക്കാനാകില്ല. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ രണ്ടു കൈപ്പത്തികളും വെട്ടേറ്റ് അറ്റുതൂങ്ങിയ രാത്രി. രക്തംവാർന്ന് ജീവൻ നഷ്ടപ്പെട്ടുവെന്ന് കരുതിയതാണ്. മുറിഞ്ഞുതൂങ്ങിയ കൈകളുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് വരെ യാത്ര ചെയ്യുമ്പോൾ വിദ്യ കരഞ്ഞില്ല. നാല് വയസായിരുന്ന മകന്റെയും മാതാപിതാക്കളുടെയും മുന്നിൽ അവൾ നിറഞ്ഞ കണ്ണുമായി ചിരിതൂകി. കൈപ്പത്തികളിൽ എട്ടുമണിക്കൂർ കൊണ്ട് നാല് ശസ്തക്രിയ നടത്തി. ചികിത്സയും ഫിസിയോതെറാപ്പിയുമായി ഒന്നര വർഷം. ഇപ്പോൾ വലതുകൈകളിലെ രണ്ടു വിരലുകൾ ചലിപ്പിക്കാം. എഴുതാൻ കഴിയും. മറ്റുവിരലുകളും ഇടത്തേ കൈവിരലുകളും പൂർണമായി മടങ്ങില്ല. ചെറിയ ബുക്കുകൾ കൈകളിലൊതുങ്ങും. വലിയ ഭാരം എടുക്കാനാകില്ല. 29 കാരിയായ വിദ്യ രണ്ടുവർഷം കൊണ്ട് തന്റെയും കുടുംബത്തിന്റെയും ജീവിതം തിരിച്ചുപിടിച്ചു. ചലിപ്പിക്കാൻ കഴിയുന്ന രണ്ടു വിരലുകളെ ആശ്രയിച്ചാണ് മകനെയും രോഗികളായ മാതാപിതാക്കളെയും നോക്കാൻ വരുമാനം കണ്ടെത്തുന്നത്.
വീടനടുത്ത് കുടുത്തയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒാഫീസ് ജീവനക്കാരിയാണ്. രാവിലെയും വൈകിട്ടും കുറച്ചു കുട്ടികൾക്ക് ട്യൂഷനെടുക്കും ഇൗ ബി.കോം ബിരുദധാരി. പി.എസ്.സി പരീക്ഷകളും എഴുതുന്നുണ്ട്. വിവാഹമോചനക്കേസ് നൽകിയിട്ട് ഏഴ് വർഷത്തോളമായി. ഇതുവരെ തീർപ്പായില്ല.
വനിതാദിനത്തിൽ പറയാനുള്ളത്:
എന്തു പ്രശ്നമുണ്ടായാലും നേരിടാൻ പഠിക്കണം. കരഞ്ഞിരിക്കരുത്. തുറന്നു സംസാരിക്കണം. തൊഴിലെടുത്ത് ജീവിക്കണം. സ്വന്തം കാലിൽ നിൽക്കണം.