
കോന്നി : പതിനാറിൽ അധികം വിഭവങ്ങൾ വച്ചുവിളമ്പി രാത്രിയെ പകലാക്കി ജീവിതം നയിക്കുകയാണ് 78 വയസുകാരി ലീല. കഴിഞ്ഞ 43 വർഷമായി കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിനു സമീപം ലീലയുടെ ഉറങ്ങാത്ത ഭക്ഷണശാലയുണ്ട്. രാത്രി 12 മണിക്ക് കടയിൽ എത്തും, ഭക്ഷണമൊരുക്കി രാവിലെ 11 വരെ വിൽപ്പന നടത്തും.
ഭർത്താവ് മരിച്ചപ്പോൾ മക്കളെ വളർത്താനാണ് തട്ടുകട തുടങ്ങിയത്. 1981ൽ ജീവിക്കാൻ മാർഗമില്ലാതെ കച്ചവടം തുടങ്ങുമ്പോൾ മകന് 12 ഉം പെൺമക്കൾക്ക് 14 ഉം 16 ഉം വയസായിരുന്നു. നാട്ടുകാർക്ക് ലീല ഇച്ചേയിയുടെ കടയാണ്. ശബരിമല തീർത്ഥാടനകാലത്ത് പതിവായി അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുമുണ്ട്.
ഇച്ചേയിക്കടയിലെ വിഭവങ്ങൾ
ചായ, കാപ്പി, ഇഡലി, ദോശ, ചമ്മന്തി, ഉഴുന്നുവട, പരുപ്പ് വട, പൊടിസമ്മന്തി, പാലപ്പം, വെള്ളയപ്പം, സാമ്പാർ, ഉള്ളി ചമ്മന്തി, തേങ്ങാ ചമ്മന്തി, കിഴങ്ങുകറി, കടലക്കറി, ഉള്ളിക്കറി, തേങ്ങാ അരച്ചുകലക്കിയ കറി എന്നിങ്ങനെ നീളുന്നു.
രുചിയുടെ നാടൻ പാചകം
വിറക് അടുപ്പിലാണ് പാചകം, ഗ്യാസ് അടുപ്പില്ല. കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്, പൈപ്പ് വെള്ളം ഉപയോഗിക്കാറില്ല. വീടുകളിൽ നിന്ന് വാങ്ങുന്ന പശുവിന്റെ പാലാണ് ഉപയോഗിക്കുക. വീട്ടിൽ നിന്ന് അരച്ചുകൊണ്ടുവരുന്ന മാവാണ് വിഭവങ്ങൾക്ക് ഉപയോഗിക്കുന്നത്. ദിവസവും 150ൽ അധികം ആളുകൾ ഭക്ഷണം കഴിക്കാൻ വരും. പാഴ്സൽ വാങ്ങാൻ എത്തുന്നവരുമുണ്ട്. 78 -ാം വയസിലും ഉറക്കം കുറവാണ്. ഉച്ചയ്ക്ക് ശേഷം 6 മണി വരെയാണ് ഉറക്കം.