പാടങ്ങളിലെ വരൾച്ചാ പ്രതിസന്ധി
പരിഹരിക്കണം: ആന്റോ ആന്റണി
തിരുവല്ല : കടുത്ത വരൾച്ചയും ജലദൗർലഭ്യവും മൂലം അപ്പർകുട്ടനാടൻ മേഖലയിലെ നെൽകൃഷി പ്രതിസന്ധിയിലാണെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. നിരണം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പെരിങ്ങര പഞ്ചായത്തിലെ ഉൾപ്പെടെയുള്ള കർഷകർ അതിരൂക്ഷമായ ജലക്ഷാമം മൂലം ആശങ്കയിലാണ്. കടുത്തചൂടിൽ നെൽമണികൾ പലയിടത്തും കരിഞ്ഞ നിലയിലാണ്. വരിനെല്ല് പ്രശ്നം അതിലും രൂക്ഷമാണ്. മേഖലയിലെ തോടുകൾ എക്കലും മാലിന്യവും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് അടിസ്ഥാന കാരണം. കുട്ടനാട് പാക്കേജ് അപ്പർ കുട്ടനാട്ടിൽ നടപ്പാക്കാതിരുന്നതിന്റെ പരിണിത ഫലമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും കൃഷി, ജലസേചന വകുപ്പുകൾ ഈ കാര്യത്തിൽ ഗുരുതര വീഴ്ചവരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇനിയെങ്കിലും തോടുകളിൽ ആഴംകൂട്ടി നീരൊഴുക്ക് വർദ്ധിപ്പിക്കാനും കാലാവസ്ഥ വ്യതിയാനംമൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഫസൽ ഭീമായോജന പദ്ധതിയിലൂടെ ആനുകൂല്യം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കർഷകരായ പി.എൻ.ബാലകൃഷ്ണൻ, രാജൻ വർഗീസ്, പി.എം.സ്കറിയ, അലക്സ് പുത്തുപ്പള്ളി, രതീഷ് കുമാർ, ജോസ്, മോനച്ചൻ മാന്തറ എന്നിവരും എം.പി.യോടൊപ്പം ഉണ്ടായിരുന്നു.
അനിൽ ആന്റണി തൃപ്പാറ ക്ഷേത്രത്തിൽ ദർശനം നടത്തി.
പത്തനംതിട്ട : എൻ.ഡി.എ പത്തനംതിട്ട പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി അനിൽ കെ.ആന്റണി തൃപ്പാറ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിൽ എത്തിയ അനിൽ ആന്റണിക്ക് ഭക്തജനങ്ങൾ സ്വീകരണം നൽകി. ക്ഷേത്ര സന്നിധിയിൽ അദ്ദേഹം പറ സമർപ്പിച്ചു. ക്ഷേത്രസന്നിധിയിൽ നടന്ന അന്നദാനം പി.സി.ജോർജ് ഉദ്ഘാടനം ചെയ്തു.
തോമസ് ഐസക്ക് ഇന്ന് കോന്നിയിൽ
കോന്നി: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം.തോമസ് ഐസക്ക് ശനിയാഴ്ച്ച കോന്നിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 8.30ന് കോന്നി കുട്ടീസ് റസിഡൻസിയിൽ മുഖാമുഖം. തുടർന്ന് 9ന് കോന്നി റിപ്പബ്ലിക്കൻ സ്കൂളിന് സമീപത്തു നിന്ന് എലിയറയ്ക്കൽ വരെ റോഡ് ഷോ നടക്കും. തുടർന്ന് 10.30ന് അരുവാപ്പുലം ഫാക്ടറി പടിയിൽ മുഖാമുഖം സംവാദം. 2 ന് വള്ളിക്കോട് മുഖാമുഖം നടക്കും.