ഇലന്തൂർ: ഇലന്തൂർ - നെടുവേലിമുക്ക് - ഓമല്ലൂർ റോഡിൽ പൈപ്പിന് വേണ്ടി എടുത്ത കുഴി രണ്ടു വർഷമായിട്ടും നികത്തിയില്ല. ദൂരെ നിന്ന് വേഗതയിൽ വരുന്ന വാഹനങ്ങൾ റോഡിന് കുറുകെയുള്ള ചെറിയ കുഴിയിൽചാടി ടയർ പൊട്ടുകയാണ്. അടുത്ത ദിവസങ്ങളിൽ രണ്ടു കാറുകളുടെ ടയറുകൾ പൊട്ടിയെന്ന് പ്രദേശവാസികൾ പറഞ്ഞു. റോഡിൽ അടുത്ത് വരുമ്പോൾ മാത്രമാണ് കുഴി ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുന്നത്. നേരത്തേ കുഴിയിൽ ചാടാതിരിക്കാൻ ഓട്ടോ വെട്ടിച്ചപ്പോൾ ബൈക്കുമായി കുട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് പറ്റിയിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. അപകടകരമായ കുഴി അടയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.