ചെങ്ങന്നൂർ: നഗരസഭ പ്രദേശത്ത് ഫലപ്രദമായ മാലിന്യ സംസ്‌കരണ പദ്ധതികൾ നടപ്പിലാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം വയനാട്ടിലെ രണ്ട് നഗരസഭകളിൽ രണ്ടു ദിവസത്തെ പഠനയാത്ര നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജന്റെ നേതൃത്വത്തിൽ നഗരസഭ കൗൺസിലർമാരും, ഉദ്യോഗസ്ഥരും, ശുചീകരണ തൊഴിലാളികളും ഹരിതകർമ്മ സേനാംഗങ്ങളും അടങ്ങുന്ന 25 അംഗ സംഘമാണ് പഠനയാത്ര നടത്തിയത്. വയനാട് ജില്ലയിലെ കൽപ്പറ്റ, സുൽത്താൻബത്തേരി നഗരസഭകളിലാണ് സംഘം പഠനയാത്രയ്ക്ക് പോയത്. കൽപ്പറ്റ നഗരസഭയിലെ സെപ്റ്റിംക്ക് ടാങ്ക് മാലിന്യ സംസ്‌കരണ പദ്ധതികൾ, വിൻഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റ്, റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി, ബയോ പാർക്ക്, എന്നിവ സന്ദർശിച്ച് പഠനം നടത്തി. സുൽത്താൻ ബത്തേരിയിലെ നഗരസൗന്ദര്യ വത്ക്കരണത്തിന് നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നത് സംമ്പന്ധിച്ചുള്ള വിവരങ്ങൾ എന്നിവ ഉദ്യോഗസ്ഥരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ചോദിച്ചറിയുന്നതിനും അവസരം ലഭിച്ചു. റിജോ ജോൺ ജോർജ്, ടി.കുമാരി, സൂസമ്മ ഏബ്രഹാം, ഗോപു പുത്തൻമഠത്തിൽ, ജോസ് ഏബ്രഹാം, മനു എം.കൃഷ്ണൻ, രോഹിത് പി.കുമാർ, എം.എസ് ശ്രീരാഗ്,എ.അജയൻ സി.നിഷ, മുജീബ്ഖാൻ,എ.വി അമ്പിളി, എസ്.മിഥുൻ, പി.കെ ഹരിത കമാൽ ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരും പഠനയാത്രയിൽ പങ്കാളികളായി. മാലിന്യ സംസ്‌കരണ രംഗത്തും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളിലും പഠനയാത്ര വഴി ഒട്ടനവധി പുതിയ വിവരങ്ങൾ ലഭിക്കുന്നതിനും അതേക്കുറിച്ച് ശരിയായ രീതിയിൽ പഠനം നടത്തുന്നതിനും അവസരം ലഭിച്ചതായി നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു.