ചെങ്ങന്നൂർ: പാണ്ഡവൻപാറയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്നു. വീട്ടാവശ്യങ്ങൾക്കായി പണം കൊടുത്ത് ടാങ്കറുകളിൽ വെള്ളം കൊണ്ടുവരേണ്ട ഗതികേടിലാണ് ഇപ്പോൾ പ്രദേശവാസികൾ. ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പലരും വില കൊടുത്തു വാങ്ങിക്കുന്നത്. വീട്ടിലെ ആവശ്യങ്ങൾക്ക് വേറെ എന്ത് ചെയ്യുമെന്നാണ് നാട്ടുകാരുടെ ചോദ്യം. തുണിയലക്കാൻ രണ്ട് കിലോമീറ്റർ അകലെ പമ്പയാറ്റിൽ പോകണം. മിത്രപ്പുഴക്കടവിനു സമീപത്തെ ടാപ്പിൽ നിന്ന് ശുദ്ധജലം കലങ്ങളിൽ ശേഖരിച്ചു കൊണ്ടുവരികയും ചെയ്യും. രണ്ടുമാസമായി ദുരിതത്തിലാണ് പ്രദേശവാസികൾ. ദെനംദിന ആവശ്യങ്ങൾക്കു വെള്ളമെത്തിക്കാൻ പാടുപെടുകയാണു പ്രദേശത്തെ ഇരുപതോളം വീട്ടുകാർ. ജനുവരി അവസാനവാരം മുതലാണ് സ്ഥിതി രൂക്ഷമായത്. പല വീടുകളിലും കിണറുകളില്ല. ഉള്ളിടത്തു വെള്ളവുമില്ല. 10 കിണറുകൾ കുഴിച്ച് ഒടുവിൽ പതിനൊന്നാമത്തെ കിണറ്റിലാണു വെള്ളം കണ്ടത്. ആഴമേറിയ കിണറ്റിൽ പക്ഷേ വെള്ളം ഒരടിയോളം മാത്രം. വൈകിട്ടു കോരിയെടുത്താൽ പിന്നെ പിറ്റേന്ന് രാവിലെ മാത്രമേ വെള്ളമുണ്ടാകൂ. ഉയർന്ന പ്രദേശമായതിനാൽ ജല അതോറിറ്റി പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ മർദ്ദം കുറയുന്നതു വിനയാണ്. ഇതു മറികടക്കാൻ പാണ്ഡവൻപാറയ്ക്കു മുകൾഭാഗത്തായി ജലസംഭരണി സ്ഥാപിച്ച് അതിൽനിന്നു ബൂസ്റ്റർലൈൻ നൽകിയിട്ടുണ്ട്. എന്നാൽ ആഴ്ചയിലൊരിക്കൽ മാത്രമാണ് വെള്ളമെത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മുൻപ് പ്രദേശത്തിനായി പട്ടികജാതിവികസനവകുപ്പ് ഫണ്ട് ഉപയോഗിച്ചു പ്രത്യേക ശുദ്ധജലപദ്ധതിക്കു ശ്രമിച്ചെങ്കിലും നടന്നില്ല.
....................................................
നാട്ടുകാർക്ക് പ്രയോജനമുള്ള കാര്യങ്ങൾ അധികൃതർ ചെയ്യുന്നില്ല. ഇത്തവണ വോട്ടുചെയ്യുന്നില്ല. രണ്ടു ദിവസം കൂടുമ്പോൾ 1000 രൂപ ചിലവാണ് വെള്ളം ടാങ്കിലേക്ക് അടിക്കാൻ. പുതുതായി മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര ശുദ്ധജലപദ്ധതി യാഥാർഥ്യമായെങ്കിലേ പാണ്ഡവൻപാറയുടെ കുടിവെള്ളപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകൂ.
സതീഷ് മേനോൻ
(പ്രദേശവാസി)
..............................
10 കിണറുകൾ കുഴിച്ചിട്ടും പ്രയോജനമില്ല