
തിരുവല്ല: ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (എ.കെ.പി.സി.ടി.എ) സംസ്ഥാന സമ്മേളനത്തിന് വനിതാ സംഗമത്തോടെ തുടക്കമായി. മുൻമന്ത്രി പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കെതിരാണ് രാജ്യം ഭരിക്കുന്ന സർക്കാരെന്നും മനുസ്മൃതിയാണ് അവരുടെ ഭരണഘടനയെന്നും ശ്രീമതി പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എസ്.ഷാജിത അദ്ധ്യക്ഷയായി.
ഇന്നു രാവിലെ 9.30ന് പ്രതിനിധി സമ്മേളനം മുത്തൂർ ശ്രീഭദ്ര ഒാഡിറ്റോറിയത്തിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ.ബിന്ദു മുഖ്യപ്രഭാഷണം നടത്തും. മികച്ച കലാലയ യൂണിയനുള്ള അഭിമന്യു അവാർഡ് എറണാകുളം മഹാരാജാസ് കോളേജിന് മന്ത്രി സമ്മാനിക്കും. ഉച്ചയ്ക്കുശേഷം യാത്രയയപ്പ് സമ്മേളനം മുൻമന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. 4ന് സമ്മേളന നഗറിൽ നിന്ന് പ്രകടനം. തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ പൊതുസമ്മേളനം മുൻമന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.
ജുഡിഷ്യറിക്കുള്ളിലെ തീവ്രവാദ
സാന്നിദ്ധ്യം ഭയാനകം:സി.പി എം
ചെറുതോണി: കോടതി രേഖകളുടെ സൂക്ഷിപ്പു മുറികൾക്കുള്ളിൽ പോലും തീവ്രവാദ സാന്നിദ്ധ്യം ഉണ്ടാകുന്നത് അത്യന്തം ഭയാനകമാണെന്ന് സി.പി .എം ജില്ലാ സെക്രട്ടറിയേറ്റ് . കോടതി നടപടി ക്രമങ്ങളിൽ കാലോചിതമായ മാറ്റം ഉണ്ടായെന്നും രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചിട്ടുണ്ടെന്നും മേൽക്കോടതിയിൽ നിന്നു വിശദീകരണം വന്നെങ്കിലും ഇപ്പോൾ സംഭവിച്ചത് അപകടകരമായ തുടക്കമാണ്. എസ്.ഡി.പി.ഐ തീവ്രവാദികളുടെ കഠാരകൾ കൊണ്ട് കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ കൊലയാളികൾക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണം. വിചാരണ തുടങ്ങാനിരിക്കെ രേഖകൾ കാണാതായത് യാദൃച്ഛികമെന്ന് കരുതാനാവില്ല. കേസ് രേഖകൾ കാണാതായതിനു പിന്നിൽ കൊലപാതകികളുടെ തീവ്രവാദ സംഘടനയെന്നുതന്നെ വേണം അനുമാനിക്കാൻ. തെരുവോരങ്ങളിൽ നിന്നു തീവ്രവാദ സംഘടനകൾ കോടതിക്കുള്ളിലേക്കു കൂടി കടന്നുവെന്നത് ഗുരുതരമായി ജുഡിഷ്യറി കാണേണ്ടതുണ്ട്. ഇത്തരം സംഘടനകളെ ഉൻമൂലനം ചെയ്യാൻ ജനകീയ മുന്നേറ്റം ശക്തിപ്പെടണം.എസ്.ഡി.പി.ഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും ആക്രമണങ്ങളിൽ കൊലചെയ്യപ്പെട്ട വേറെയും സഖാക്കളുണ്ട്. അത്തരം കേസുകളുടെ കുറ്റപത്രവും രേഖകളും സൂക്ഷിച്ചിട്ടുള്ള ഇടങ്ങളിലെല്ലാം കനത്ത ജാഗ്രത പാലിക്കണമെന്നും സി.പി .എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.
'ഡി.എ കുടിശിക
അനുവദിക്കണം'
തിരുവനന്തപുരം: ജീവനക്കാരുടെ ഡി.എ കുടിശിക അടിയന്തരമായി അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശമ്പളം മുടക്കിയതിന് പിന്നിൽ ഡി.എ തരാതിരിക്കാനുള്ള കുത്സിത ബുദ്ധിയാണോ എന്ന് സംശയിക്കുന്നുവെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം.എസ് പറഞ്ഞു.