തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളജ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ‘സഖി 2024’ വനിതാദിനാചരണം നടത്തി. പുഷ്പഗിരി കുടുംബത്തിലെ ആയിരത്തി എഴുന്നൂറോളം വനിതകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഓരോ സ്ത്രീയിൽനിന്നും തന്റെ കുടുംബത്തിനും നാടിനും നേട്ടമുണ്ടാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടായെങ്കിൽ മാത്രമേ സ്ത്രീത്വം എന്ന വാക്കിന് പൂർണ്ണത ഉണ്ടാകുകയുള്ളൂയെന്ന് മന്ത്രി പറഞ്ഞു. പുഷ്പഗിരി അലൈഡ് ഹെൽത്ത് സയൻസ് പ്രിൻസിപ്പൽ ഡോ.എം.ഒ. അന്നമ്മയുടെ അദ്ധ്യക്ഷയായി. ആലപ്പുഴ ഡെപ്യൂട്ടി കളക്ടർ ജിനു പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൻ അനുജോർജ്, വൈ.ഡബ്ളുസി.എ. പ്രസിഡന്റ് എലിസബത്ത് പെറ്റ്സി വർഗീസ്, പുഷ്പഗിരി ഗൈനക്കോളജി വിഭാഗം പ്രൊഫ.ഡോ.എൻ.ശ്രീദേവി, പുഷ്പഗിരി സൈക്യാട്രിവിഭാഗം മേധാവി ഡോ.ജോയിസ് ജിയോ, ഗൈനക്കോളജിവിഭാഗം മേധാവി ഡോ.സൂസൻ മാത്യു, ചൈൽഡ് ഡവലപ്പ്മെന്റ് സെന്റർ മേധാവി ഡോ.മഞ്ജു ജോർജ് എന്നിവർ പ്രസംഗിച്ചു. 25 വർഷത്തിനുമേൽ സേവനം അനുഷ്ഠിച്ചവരെ ആദരിച്ചു. വനിതകളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.