d

സീതത്തോട് : വേനൽമഴയിൽ വലിയ പാറ വീടിന് മുകളിലേക്ക് പതിച്ച് വീട്ടമ്മ മരിച്ചു. സീതത്തോട് ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് ആങ്ങംമൂഴി ഇടുപ്പുകൽ വാലുപാറ മംഗലത്ത് വിളയിൽ ശ്രീനിവാസന്റെ ഭാര്യ പത്മകുമാരി (52) ആണ് മരിച്ചത്.

പത്മകുമാരിയുടെ മാതാവ് പൊന്നമ്മയ്ക്ക് നിസാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.15നാണ് അപകടം ഉണ്ടായത്. അപകട സമയത്ത് പത്മകുമാരിയുടെ മക്കളായ വൈഷ്ണയും വാണിയും വൈഷ്ണയുടെ ഭർത്താവ് അഭിജിത്തും ഇവരുടെ ആറും എട്ടുമാസവും പ്രായമുള്ള കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപെട്ടു.

അപകടമുണ്ടായ വീടിന്റെ പിൻഭാഗത്ത് രണ്ടാൾ ഉയരത്തിൽ മൺതിട്ടയാണുള്ളത്. അടുക്കള ഭാഗത്തോട് ചേർന്ന് തിട്ടയിൽ വലിയ പാറ ഉണ്ടായിരുന്നു. മഴയിലും കാറ്റിലും പാറയോട് ചേർന്നുനിന്നിരുന്ന റബർമരം കടപുഴകി വീണു. ഇതൊടൊപ്പം പാറയും നിരങ്ങി വീടിന്റെ അടുക്കളഭാഗത്തേക്ക് പതിക്കുകയായിരുന്നു.

കല്ലുകൊണ്ട് കെട്ടിയ വീട് പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ പത്മകുമാരിയെ ഓടിക്കൂടിയ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.