pocso

പത്തനംതിട്ട : ബാല്യങ്ങൾ ഭയപ്പെടുകയാണ്, ആരെയും വിശ്വസിക്കാനാകാത്ത അവസ്ഥ. സ്നേഹലാളനങ്ങളിൽ പോലും ലൈംഗീകതയുടെ ചവർപ്പ് ചേർക്കുന്നവർ, സംരക്ഷകരാകേണ്ടവർ കാമവെറിപൂണ്ടു തുറിച്ചുനോക്കുമ്പോൾ വല്ലാത്തൊരു അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണ് കുഞ്ഞുമനസുകൾ.

ജില്ലയിൽ പോക്സോ കേസുകൾക്ക് കുറവൊട്ടുമില്ല. രക്തബന്ധങ്ങൾ പോലും ചൂഷണം ചെയ്തുള്ള നിരവധി കേസുകൾ അനുദിനം റിപ്പോർട്ട് ചെയ്യുന്നു.

നാലും അഞ്ചും വയസ് മുതൽ 17 വയസുവരെയുള്ള കുട്ടികൾ ജില്ലയിൽ വിവിധ രീതികളിൽ ആക്രമണം നേരിടുന്നുണ്ട്. ഇതിൽ ക്രൂരമായ ബലാത്സംഗം അടക്കമുണ്ട്. ഓരോ വർഷവും കേസുകളുടെ എണ്ണം ഉയരുന്നു. നാണക്കേട് കാരണവും കുട്ടിയുടെ ഭാവിയെക്കരുതിയും ഒതുക്കിതീർക്കുന്ന കേസുകളുമുണ്ട്.

കഴിഞ്ഞ 23ന് ആണ് തിരുവല്ലയിൽ സ്കൂളിൽ പോയ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരോധാനത്തിന് പിന്നിൽ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി. ഇൻസ്റ്റഗ്രാമിലൂടെ ഉണ്ടായ ബന്ധം ചൂഷണം ചെയ്യുകയായിരുന്നു ഇവർ. മൂന്ന് ദിവസങ്ങൾക്ക് ശേഷം യുവാക്കൾ പോക്സോ കേസിൽ അറസ്റ്റിലായി.


ബന്ധങ്ങൾ വഷളാകുമ്പോൾ

സോഷ്യൽ മീഡിയ സൗഹൃദം പ്രണയത്തിലേക്കും മറ്റ് ബന്ധങ്ങളിലേക്കും വഴിമാറി കെണിയിൽ അകപ്പെടുന്ന കൗമാരക്കാർ നിരവധിയാണ്. മറ്റാരുടേയും വാക്കുകൾക്ക് ചെവി കൊടുക്കാതെ സോഷ്യൽ മീഡിയയിൽ മാത്രം ബന്ധങ്ങൾ വർദ്ധിപ്പിക്കുന്ന നിരവധി വിദ്യാർത്ഥികളുണ്ട്. ചതിക്കുഴിയിൽ വീഴ്ത്തുന്നതിനേക്കാൾ വീഴുന്നവരാണധികവും. മുൻപരിചയമില്ലാത്തവരോടൊപ്പം സഞ്ചരിക്കാൻ ഇത്തരത്തിലുള്ള കുട്ടികൾക്ക് യാതൊരു മടിയുമില്ല. ഇത് മുതലെടുത്ത് ചൂഷണം ചെയ്യുന്നവർ നിരവധിയാണ്.

കനത്ത ശിക്ഷ

പോക്സോ കേസ് പ്രതികൾക്ക് ഇപ്പോൾ കോടതികൾ അൻപതും നൂറും വർഷം തടവ് ശിക്ഷയും വലിയ തുക പിഴയായും വിധിക്കാറുണ്ട്. വലിയ ശിക്ഷാവിധികൾ കുറ്റകൃത്യങ്ങൾ കുറച്ചേക്കാം.

ജില്ലയിലെ പോക്സോ

കേസുകളു‌ടെ എണ്ണം

2024 : 16 (ജനുവരി)

2023 : 177

2022 : 190

2021 :134

2020 : 106

കുട്ടികൾ എല്ലാത്തിനേയും കുറിച്ച് മനസിലാക്കി മുന്നോട്ട് പോകാനുള്ള അവസരം നൽകണം. തെറ്റും ശരിയും തിരിച്ചറിയാൻ കഴിയണം. സോഷ്യൽ മീഡിയ ബന്ധങ്ങൾ അപകടത്തിലാക്കരുത്. രക്ഷിതാക്കൾ കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കണം.

നിതദാസ്

ഐ.സി.ഡി.എസ് പ്രോഗ്രാം കോർഡിനേറ്റർ