തിരുവല്ല: മെഡിക്കൽ മിഷൻ ആശുപത്രിയുടെ സാമൂഹിക സേവന വിഭാഗമായ "കൂടെ" ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ അടിച്ചിപ്പുഴ ട്രൈബൽ കോളനിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സമ്മേളനം നാറാണത്ത്മൂഴി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് ജോർജ് ഉദ്ഘാടനം ചെയ്തു. ടി.എം.എം ചെയർമാൻ സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ അനിയൻ പി.സി, ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൾട്ടൺ റാഫേൽ, ടി.എം.എം മെഡിക്കൽ സൂപ്രണ്ട് ഡോ.സാം ഏബ്രഹാം, ആശാ വർക്കർ ശാന്തമ്മ എന്നിവർ പ്രസംഗിച്ചു. ടി.എം.എം ആശുപത്രി പ്രവർത്തകരോടൊപ്പം ട്രൈബൽ പ്രോമോട്ടർമാർ, കമ്മ്യൂണിറ്റി വർക്കർ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി. ആറു സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാർ 200രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ നൽകി. കിടപ്പ് രോഗികളുടെ വീടുകളിലെത്തി ഡോക്ടർമാർ പരിശോധിച്ചു. ആശുപത്രിയുടെ സ്ഥാപകർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ പിന്തുടർച്ചയാണ് ഇത്തരം സാമൂഹിക സേവന പ്രവർത്തനങ്ങളെന്ന് ടി.എം.എം അഡ്മിനിസ്ട്രേറ്റർ ജോർജ് മാത്യു പറഞ്ഞു.