കോന്നി : കോന്നി ഗവ.മെഡിക്കൽ കോളേജിലെ ബ്ളഡ് ബാങ്ക് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്‌സ് കണ്ട്രോൾ ഓർഗനൈസേഷന്റെ ലൈസൻസ് ലഭിച്ചതോടെയാണ് ജില്ലയിൽ അടിയന്തരമായി രക്തവും രക്ത ഘടകങ്ങളും ആവശ്യമായ രോഗികൾക്ക് പ്രയോജന പ്രദമാംവിധത്തിൽ രക്തബാങ്ക് പ്രവർത്തനം ആരംഭിക്കാൻ സജ്ജമായത്. പ്രത്യേക പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാതൃകാപരമായ വേഗത്തിൽ പുരോഗതി കൈവരിക്കുന്ന കോന്നി മെഡിക്കൽ കോളജിന്റെ വളർച്ചക്ക് ബ്ലഡ് ബാങ്ക് ഏറെ സഹായകരമാകുമെന്ന് അദ്ധ്യക്ഷത വഹിച്ച അഡ്വ.കെ.യു ജനീഷ്‌കുമാർ എം.എൽ.എ പറഞ്ഞു. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ അനിതകുമാരി, ഡോ.എസ്.ശ്രീകുമാർ, ഡോ.തോമസ് മാത്യു, ഡോ.എ.ഷാജി, കോളജ് പ്രിൻസിപ്പൽ ഡോ.ആർ എസ്.നിഷ, ഡോ.റൂബി മേരി, എച്ച്ഡിഎസ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.