porch

തിരുവല്ല: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സ്റ്റേഷന്റെ പൂമുഖത്തിന്റെ മുഖഛായ മാറ്റുന്ന പുതിയ പോർച്ച് നിർമ്മിക്കാനുള്ള കോൺക്രീറ്റ് തൂണുകൾ പൂർത്തിയായി. വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും വിസ്തൃതി വർദ്ധിപ്പിക്കുന്ന ജോലികളും നടന്നുവരികയാണ്. ആഘോഷവേളകളിൽ ദേശീയ പതാക ഉയർത്തുന്നതിനായി സ്റ്റേഷന്റെ മുന്നിലായി 30.5 മീറ്റർ ഉയരമുള്ള സെറിമോണിയൽ ഫ്ളാഗ് മാസ്റ്റിന്റെ നിർമ്മാണം പൂർത്തിയാക്കി. പ്ലാറ്റ് ഫോമുകളിലെ മേൽക്കൂരകൾ പൂർണമായും റൂഫിംഗ് ചെയ്യുന്ന ജോലികളും തറയിൽ ടൈൽ പാകുന്ന ജോലികളും നടന്നുവരുന്നു. സ്റ്റേഷനിൽ എത്തുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നുവരുന്നതിനും പോകുന്നതിനും പാർക്ക് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നുണ്ട്. സ്റ്റേഷൻ വളപ്പിൽ ലാൻഡ് സ്‌കേപ്പിംഗ് ജോലികളും നടക്കുന്നു. റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങൾ മെച്ചപ്പെടുത്തും. കൂടുതൽ ടോയ്ലറ്റുകൾ നിർമ്മിക്കുന്നുണ്ട്. സ്റ്റേഷന്റെ എല്ലാഭാഗത്തും പൂർണമായും വെളിച്ചം എത്തിക്കാനുള്ള പ്രവർത്തികളും നടക്കുന്നു.

അടിയന്തര പ്രാധാന്യമുള്ള ഒന്നാംഘട്ട നവീകരണ ജോലികൾ അവസാന പാദത്തിലേക്ക് കടക്കുകയാണ്. ഫുട്ട് ഓവർ ബ്രിഡ്ജ് 6മീറ്റർ ഉയർത്തും. ഇവിടെയും അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും.ലിഫ്റ്റ് സൗകര്യം കാര്യക്ഷമമാക്കും.പ്ലാറ്റ്‌ഫോം ഷെൽട്ടറുകളിൽ 6 ബേകൾ നിർമ്മിക്കും. ഇതിനായുള്ള പ്രവർത്തനം നടത്തിവരുന്നു. ഓരോ ബേയുടെയും നീളം 16 മീറ്ററാണ്. വിവരവിനിമയ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക, റെയിൽവേ സ്റ്റേഷനെ ദിവ്യാംഗ സൗഹൃദമാക്കുക, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം മെച്ചപ്പെടുത്തുക, ബെഞ്ചുകൾ, വാഷ്‌ബേസിനുകൾ, ഡസ്റ്റ് ബിന്നുകൾ, ഫർണിച്ചറുകൾ, വലിയ ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കുക, സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ അറേഞ്ച്‌മെന്റ്സ് എന്നിവയെല്ലാം പൂർത്തിയാക്കും.

ജൂണിൽ പൂർത്തിയായേക്കും

മാർച്ചിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ സെപ്തംബറിലാണ് നവീകരണ ജോലികൾ തുടങ്ങിയത്. എന്നാൽ ജോലികൾ ജൂണിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.

റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന കവാടം നവീകരണം പൂർത്തിയാകുമ്പോൾ തെക്കുവശത്തേക്ക് മാറും. നിലവിൽ പ്രധാന കെട്ടിടത്തിന്റെ മുന്നിൽ പടിഞ്ഞാറ് ഭാഗത്താണ് കവാടം. വീതികുറഞ്ഞ റോഡിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കി പ്രധാന റോഡിലേക്ക് ഇറങ്ങാൻ യാത്രക്കാർക്ക് സഹായകമാകും. അകത്തേക്കും പുറത്തേക്കുമുള്ള പ്രധാന കവാടത്തിന്റെ തൂണുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്.

---------------


ചെലവ് 13.51 കോടി

----------------

@ കേന്ദ്രസഹായത്തോടെയാണ് പദ്ധതി. സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയിക്കുന്ന യാത്രക്കാർ, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് അമൃത് ഭാരത് പദ്ധതിയിൽ സ്റ്റേഷനുകൾ തിരഞ്ഞെടുത്തത്.

@ പ്രതിദിനം ആറായിരത്തിലധികം യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷൻ സ്റ്റേഷന്റെ കഴിഞ്ഞ പദ്ധതി വർഷത്തെ വരുമാനം 20.15 കോടിയാണ്.