അടൂർ: വടിവാൾ വീശി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. പറക്കോട് ഇജാസ് മൻസിലിൽ ഇജാസ് (25),സുബൈർ മൻസിലിൽ അഫ്സൽ (26) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്. മുഖ്യപ്രതി ഷംനാദ് ഒളിവിലാണ്. ഇജാസും,ഷംനാദും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇജാസ് കാപ്പാ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മാർച്ച് അഞ്ചിന് അടൂർ കിളിക്കോട് മല മുരുപ്പ് ഭാഗത്തു വച്ചാണ് കേസിനാസ്പദമായ സംഭവം. വസ്തു ഉടമ മാത്യു രാജനാണ് പരാതിക്കാരൻ. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ. വ്യവസായം തുടങ്ങുന്നതിനായി മാത്യു രാജൻ വസ്തുവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരവേ കാറിൽ വടിവാളുമായി എ ത്തിയ ഷംനാദും,ഇജാസും പണം ചോദിച്ചു.. പണം നൽകാത്തപക്ഷം ജോലി നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ജോലിക്കാരെ ഭീഷണിപ്പെടുത്തി പണി തടസ്സപ്പെടുത്തി. ഉടമയെയും ഭീഷണിപ്പെടുത്തി. തിരികെപ്പോയ ഷംനാദും,ഇജാസും, അഫ്സലിനെയും കൂട്ടി വീണ്ടുംഎത്തി പണം ആവശ്യപ്പെട്ടു. . അടൂർ എസ്.എച്ച്.ഒ.ആർ.രാജീവ്, എസ്.ഐമാരായ പ്രശാന്ത്,ശരത്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്,ശ്യാം കുമാർ,നിസാർ മൊയ്‌ദീൻ,രതീഷ് കുമാർ,സനൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.