ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിലെ കൊടും വളവുകളുള്ള ഇടറോഡുകളിൽ ട്രാഫിക് പൊലീസിന്റെ ഹെൽമെറ്റ് വേട്ട. നഗരത്തിലെ മൂന്ന് തീയറ്ററുകളും മന്ത്രിയുടെ ക്യാമ്പ് ഓഫീസും അടക്കം പ്രവർത്തിക്കുന്ന വീതി കുറഞ്ഞ പി.ടി ഉഷ റോഡിൽ വാഹനങ്ങളുടെ സഞ്ചാരത്തെ തടസപ്പെടുത്തും വിതം ജീപ്പ് നിറുത്തിയിട്ടാണ് പൊലീസ് പരിശോധന നടത്തുന്നത്. സ്ഥിരമായി രാവിലെയും വൈകിട്ടും മന്ത്രിയുടെ ഓഫീസിനു സമീപത്തെ ഈ കൊടും വളവിൽ വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ച് ഈ പൊലീസുകാർ പരിശോധന നടത്താറുണ്ടെന്ന് സമീപത്തെ വീട്ടുകാർ പറഞ്ഞു. അപകടങ്ങൾ പരമാവധി കുറയ്ക്കുക എന്നുള്ളതാണ് വാഹന പരിശോധന കൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്. ഇടുങ്ങിയ റോഡുകൾ, വളവുകൾ എന്നിവിടങ്ങളിൽ തികച്ചും അടിയന്തര സാഹചര്യമില്ലാതെ പരിശോധന പാടില്ല എന്നീ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് പല ഇടറോടുകളിലും പൊലീസുകാർ വാഹന പരിശോധന നടത്തിവരുന്നത്. സ്ഥിരമായി ഈ വളവിൽ നടത്തുന്ന പരിശോധനയ്ക്കെതിരെ നാട്ടുകാർ മന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരിക്കുകയാണ്.