മല്ലപ്പള്ളി : മല്ലപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിലെ വേങ്ങത്താനം- ശീതക്കുളം റോഡിലെ വാഹന യാത്ര അപകടക്കെണിയാകുന്നു. വേങ്ങത്താനത്തെ ഉപേക്ഷിക്കപ്പെട്ട പാറമട കുളത്തിന് സമീപം സംരക്ഷണവേലി സ്ഥാപിക്കാത്തതാണ് യാത്രക്കാരുടെ നെഞ്ചിടിപ്പേറ്റുന്നത്. റോഡിൽ നിന്ന് ഒരു മീറ്റർ പോലും ദൂരമില്ലാതെ 200 അടിയിലേറെ താഴ്ചയിലെ വലിയ കയത്തിലേക്ക് വാഹനങ്ങൾ അപകടത്തിൽപ്പടാൻ സാദ്ധ്യത ഏറെയാണ്. ദിവസേന സ്കൂൾ കുട്ടികൾ അടക്കം നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്. എതിർ ദിശയിൽ നിന്ന് വാഹനം എത്തിയാൽ കാൽനടയാത്രക്കാർക്കു പോലും ദുരന്തം സംഭവിക്കാം. മാസങ്ങൾക്കു മുമ്പ് റോഡിന്റെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പാറമട കുളത്തിന് 50 മീറ്റർ മുമ്പിലെ റോഡിന്റെ തകർച്ചയിൽ മെറ്റിൽ കഷണങ്ങൾ ഇളകി കിടക്കുന്നത് ഇരുചക്ര വാഹന യാത്രക്കാരെ ഭീതിയിലാക്കുന്നു. വേനൽ കടുത്തതോടെ തുണികൾ അലക്കുന്നതിനും പാറമടക്കുളത്തിന്റെ പശ്ചാത്തലത്തിൽ ചിത്രങ്ങൾ മൊബൈലിൽ പകർത്താൻ എത്തുന്ന യുവതി -യുവാക്കളുടെ നീണ്ടനിര സന്ധ്യ ഇവിടെ കാണുവാൻ കഴിയും. ഇവരിൽ പലരും സ്ഥലപരിചയം ഇല്ലാത്തവരായതിനാൽ പാറമട കുളത്തിന്റെ താഴ്ചയോ റോഡിന്റെ സമീപത്തെ അപകടക്കെണിയോ അറിയില്ല .സംരക്ഷണാവേലിയുടെ നിർമ്മാണം പൂർത്തിയാക്കി മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
.....................................
ദിവസേന രണ്ട് തവണയിലധികം റോഡിലൂടെ യാത്ര ചെയ്യാറുണ്ടെങ്കിലും കുളത്തിന്റെ ഭാഗത്ത് എത്തുമ്പോൾ ഭയമുണ്ട്. അധികാരികളുടെ ശ്രദ്ധയിൽ സംരക്ഷണഭിത്തി നിർമ്മാണം ഉന്നയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. ദുരന്തങ്ങൾ ഉണ്ടായതിനു ശേഷം സംരക്ഷണഭിത്തി നിർമ്മിക്കുന്നതിൽ അർത്ഥമില്ല. അടിയന്തരമായി അധികൃതർ ഇടപെട്ട് നടപടിയെടുക്കണം.
ഷൈജു കുഞ്ഞച്ചേരിയിൽ
(പ്രദേശവാസി)
.............................
200 അടി താഴ്ച
...............................
1 . റോഡിൽ നിന്ന് 1 മീറ്റർ പോലുമില്ല
2 . സ്കൂൾ കുട്ടികൾ അടക്കം നിരവധി പേർ സഞ്ചരിക്കുന്ന വഴി
3. സ്ഥലപരിചയം ഇല്ലാത്തവർ അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെ
4. സംരക്ഷണവേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം