impact
ഫെബ്രുവരി 23 ന് കേരള കൗമുദി നൽകിയ വാർത്ത

ചെങ്ങന്നൂർ: കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന വെൺമണി പഞ്ചായത്തിലെ രണ്ടാം വാർഡായ പാറച്ചന്ത പ്രദേശത്ത് കുടിവെള്ളമെത്തിച്ച് വാർഡ് മെമ്പറും പഞ്ചായത്ത് അധികൃതരും. കലങ്ങി ചേറ് മണക്കുന്ന ചിറയിലെ വെളളത്തെ ആശ്രയിക്കേണ്ടി വന്ന പ്രദേശവാസികളുടെ ഈ ദുരിതം കേരള കൗമുദി ഫെബ്രുവരി 23ന് വാർത്തയാക്കിയിരുന്നു. ഇതേ തുടർന്നാണ് അധിക‌ൃതർ ഇടപെട്ട് നടപടി എടുത്തത്. വെൺമണി പഞ്ചായത്തിലെ രണ്ടാം വാർഡായ പാറചന്ത പ്രദേശത്തെ കിണറുകൾ വറ്റിയതോടെ ജലക്ഷാമത്താൽ നാട്ടുകാർ ദുരിതത്തിലായിരുന്നു. ഇവിടങ്ങളിൽ പഞ്ചായത്ത് വെള്ളം എത്തിക്കാൻ തയാറാകാതെ വന്നതോടെ നാട്ടുകാർ സമീപത്തെ മലിനമായ ചിറയിലെ വെള്ളം തുണികൾ അലക്കുന്നതിനും ദൈനം ദിന ആവിശ്യങ്ങൾക്കും ഉപയോഗിച്ചുവരികയായിരുന്നു. വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കുമായി വെളളം പണം നൽകി വാങ്ങാൻ സാധിക്കാത്തതിനാലാണ് ചിറയിലെ വെള്ളം ഉപയോഗിക്കേണ്ടി വന്നത്. ചാലിൽ അലക്കിയ തുണി വീട്ടിലെത്തി പണം കൊടുത്തു വാങ്ങിയ നല്ല വെളളത്തിൽ വീണ്ടും കഴുകേണ്ട സ്ഥിതിയായിരുന്നു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജി.പി.എസ് ഘടിപ്പിച്ച വാഹനത്തിലാണ് വെള്ളം എത്തിക്കുന്നത്.