photo
വട്ടക്കുളഞ്ഞി - മറൂർ ആൽത്തറ ജംഗ്ഷൻ റോഡ്

പ്രമാടം : വട്ടക്കുളഞ്ഞി - മറൂർ ആൽത്തറ ജംഗ്ഷൻ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതോടെ അത്യാധുനിക രീതിയിലുള്ള റോഡ് നിർമ്മാണം ഉടൻ തുടങ്ങും. ഏഴ് കോടി രൂപ ചെലവിൽ പുനർ നിർമ്മിക്കുന്ന ഇരപ്പുകുഴി- പ്രമാടം മഹാദേവർ ക്ഷേത്രം ജംഗ്ഷൻ - ചള്ളംവേലി പടി റോഡ് പുനരുദ്ധാരണത്തിൽ ഉൾപ്പെടുത്തിയാണ് വട്ടക്കുളഞ്ഞി - മറൂർ ആൽത്തറ ജംഗ്ഷൻ റോഡും വികസിപ്പിക്കുന്നത്. പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ തുടർച്ചയായുള്ള തകർച്ചയും ശോച്യാവസ്ഥയും സംബന്ധിച്ച് കേരള കൗമുദി നിരവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നിർദ്ദേശ പ്രകാരമാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന റോഡ് ഏറ്റെടുത്ത് വികസിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറായത്.

വെള്ളപ്പൊക്കത്തെ അതിജീവിക്കും

തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെയും വെള്ളക്കെട്ടിനെയും അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലാണ് റോഡ് പുനർനിർമ്മിക്കുന്നത്. മഴക്കാലത്ത് അച്ചൻകോവിലാർ കരകവിയുമ്പോൾ മറൂരിലും പനയ്ക്കക്കുഴി ഭാഗത്തും റോഡിലേക്ക് വെള്ളം കയറി ദിവസങ്ങളോളം ഗതാഗതം തടസപ്പെടുന്നത് പതിവായിരുന്നു. ഈ ഭാഗങ്ങളിൽ റോഡ് ഉയർത്തി വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലായിരിക്കും നിർമ്മാണ പ്രവർത്തനം. പൂങ്കാവിൽ നിന്ന് അച്ചൻകോവിലാറിന് സമാന്തരമായി പത്തനംതിട്ടയിലേക്കുള്ള പ്രധാന പാതയായി റോഡ് മാറും. നിലവിൽ പൂങ്കാവിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള റോഡ് ഏഴര കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ഈ റോഡ് പണി കൂടി പൂർത്തിയാകുന്നതോടെ പ്രമാടം പഞ്ചായത്തിൽ നിന്ന് പത്തനംതിട്ട നഗരത്തിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം.പുതിയ പൈപ്പ് കൺവർട്ടും നിർമ്മിക്കും. 5.5 മീ​റ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്ന റോഡിൽ സംരക്ഷണ ഭിത്തി നിർമ്മാണവും റോഡ് സുരക്ഷാ സംവിധാനങ്ങളും ക്രമീകരിക്കും.

എളുപ്പവഴി


പത്തനംതിട്ട നഗരത്തിൽ നിന്ന് വലഞ്ചുഴി ദേവീക്ഷേത്രം, വട്ടക്കുളഞ്ഞി, കുമ്പഴ,പ്രമാടം,കോന്നി, ളാക്കൂർ ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയും. പൂങ്കാവ് റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതും ഈ റോഡിലൂടെയാണ്.

..........................................................................

നിർമ്മാണച്ചെലവ് 7കോടി

350മീ​റ്റർ ഓടയും 2830 മീ​റ്റർ ഐറിഷ് ഓട

6കലുങ്കുകൾ പുനർ നിർമ്മിക്കും

5.5 മീ​റ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ്