കോന്നി : 15 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച മുറിഞ്ഞകൽ- അതിരുങ്കൽ- പുന്നമൂട് -കൂടൽ- രാജഗിരി റോഡിന്റെ ഉദ്ഘാടനം വൈകിട്ട് മൂന്നിന് അതിരുങ്കൽ ജംഗ്ഷനിലും അഞ്ചുകോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന പുതുവൽ - കുന്നിട റോഡിന്റെ നിർമ്മാണ ഉദ്ഘാടനം വൈകിട്ട് നാലിന് പുതുവൽ ജംഗ്ഷനിലും മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ദീർഘനാളായി തകർന്നു കിടന്ന മുറിഞ്ഞകൽ- അതിരുങ്കൽ- പുന്നമൂട് -കൂടൽ- രാജഗിരി റോഡ് അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായി 15കോടി രൂപയ്ക്ക് 15 കിലോമീറ്റർ ദൂരം ബി.എം ആൻഡ്ബി.സി സാങ്കേതികവിദ്യയിൽ ഉന്നത നിലവാരത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഇരുതോട്,കാരയ്ക്കക്കുഴി, പാലങ്ങളും പുനർ നിർമ്മിച്ചു. റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചതോടെ കലഞ്ഞൂർ, പത്തനാപുരം പഞ്ചായത്തുകളുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് സുഗമമായി കോന്നി, പത്തനംതിട്ട, കൂടൽ, കലഞ്ഞൂർ ഭാഗത്തേക്ക് വളരെ എളുപ്പത്തിൽ എത്താൻ കഴിയും. . ദീർഘനാളായി തകർന്നു കിടന്ന പുതുവൽ മങ്ങാട് റോഡിന്റെ പുതുവൽ മുതൽ കുന്നിട വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരമാണ് അഞ്ചുകോടി രൂപയ്ക്ക് ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യയിൽ ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നത്. റോഡിന്റെ ചെളിക്കുഴി- കുന്നിട -മങ്ങാട് ഭാഗം നവീകരിക്കുന്നതിന് 2024ലെ ബഡ്ജറ്റിൽ 10 കോടിയും വകയിരുത്തിയിട്ടുണ്ട്. നിലവിലെ ചെറിയ റോഡ് അഞ്ചര മീറ്റർ വീതിയിലാണ് നവീകരിക്കുന്നത്. ആവശ്യമായ ഇടങ്ങളിൽ ഓടയും ഐറിഷ് ഓടയും നിർമ്മിക്കും.