ayappan

തിരുവല്ല : പൊടിയാടി ജംഗ്ഷനിൽ കൊടുംച്ചൂടിൽ വെയിലേറ്റ് ബസ് കാത്തുനിൽക്കുന്നവർക്ക് ആശ്വാസമായി വർണക്കുട നിവർത്തി തണലൊരുക്കുകയാണ് നെടുമ്പ്രം പഞ്ചായത്ത് അംഗവും പൊതുപ്രവർത്തകനുമായ അയ്യപ്പൻ (വൈശാഖ് വേണുഗോപാൽ). തിരുവല്ല ഭാഗത്തേക്കുള്ള ബസുകൾ നിറുത്തുന്നയിടത്ത് വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതിനാൽ യാത്രക്കാർ ഏറെ ദുരിതം അനുഭവിച്ചിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ കൊടുംവെയിലത്ത് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയ്യപ്പൻ സുഹൃത്തുക്കളുടെ സഹായത്തോടെ വർണക്കുട സ്ഥാപിച്ച് തണലൊരുക്കുകയായിരുന്നു. ഇതിനായി ആലപ്പുഴയിൽ നിന്ന് ബീച്ചിൽ ഉപയോഗിക്കുന്ന തരത്തിലുള്ള കുടകളും വാങ്ങി. പഞ്ചായത്ത് ഒാഫീസിന് മുന്നിലെ ഫുട്പാത്തിൽ ഇപ്പോൾ അഞ്ചു കുടകളാണ് ഒരുക്കിയിട്ടുള്ളത്. നെടുമ്പ്രം പഞ്ചായത്തിലെ മറ്റിടങ്ങളിലേക്കും വർണക്കുടകൾ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അയ്യപ്പനും സുഹൃത്തുക്കളും. നെടുമ്പ്രം പഞ്ചായത്ത് ആറാം വാർഡ് അംഗമായ അയ്യപ്പൻ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വോളന്റിയറുമാണ്.

കുടക്കീഴിൽ കുടിവെള്ളവും

തണലിടമായ കുടകളിൽ അടുത്തപടിയായി കുടിവെള്ളം ലഭ്യമാക്കാനും അയ്യപ്പനും സുഹൃത്തുക്കളും ശ്രമം നടത്തുകയാണ്. വരും ദിവസങ്ങളിൽ വർണക്കുടകളിൽ ശുദ്ധജലം ലഭിക്കും. അയ്യപ്പന് പിന്തുണയുമായി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ടീച്ചറും രംഗത്തെത്തിയിരുന്നു.