fire

നിലയ്ക്കൽ : ആശങ്കകൾക്ക് ഇടയൊരുക്കി ശബരിമല പൂങ്കാവനത്തിൽ കാട്ടുതീ. നിലയ്ക്കലിനും അട്ടത്തോടിനുമിടയിൽ കൊല്ലകുന്നുമല, നമ്പൻ പാറകോട്ട ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ തീ ഉൾവനത്തിലേക്ക് പടരുന്നതാണ് ആശങ്കയാകുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ശബരിമല കാടുകളിൽ തീപിടിത്തം ഉണ്ടാകുന്നത്. നിലയ്ക്കൽ - പമ്പാ റോഡിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഒരു കിലോമീറ്ററോളം ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ തീ പടർന്നിരുന്നു. നാട്ടുകാരും വനപാലകരും അറിയിച്ചതിനെ തുടർന്ന് സീതത്തോട്ടിൽ നിന്ന് സ്റ്റേഷൻ ഇൻചാർജ്ജ് ശങ്കരനാരായണൻ, സ്റ്റേഷൻ ഫയർ റെസ്‌ക്യൂ ഓഫീസർ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് വനപാലകരുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കിയത്. റോഡിനോട് ചേർന്നുള്ള ഭാഗങ്ങളിൽ വെള്ളം പമ്പുചെയ്തും വാഹനം എത്താത്ത ഭാഗങ്ങളിൽ ഫയർലൈൻ തെളിച്ചും തീ തല്ലിക്കെടുത്തിയുമാണ് ആളിപ്പടരാതെ നിയന്ത്രിച്ചത്. അന്ന് ഈ ഭാഗങ്ങളിൽ മഴപെയ്തതും തീ കെടാൻ കാരണമായി. ഇതിനുശേഷം തീ ഉൾവനത്തിലേക്ക് പടരുകയായിരുന്നു.

മരങ്ങൾ വീഴുന്നത് അപകടം സൃഷ്ടിക്കും

മീനമാസപൂജകൾക്കും ഉത്സവത്തിനുമായി 13ന് ശബരിമലനട തുറക്കുന്നതോടെ നിലയ്ക്കൽ - പമ്പാ റോഡിൽ തീർത്ഥാടകരുടെ തിരക്കാകും. അഗ്നിക്കിരയായ വൻ മരങ്ങൾ റോഡിലേക്ക് വീണുകിടപ്പുണ്ട്. തീ പിടിച്ച് ഉണങ്ങിയ മരങ്ങളും നിലംപൊത്താം. അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റിയില്ലെങ്കിൽ അപകടത്തിന് കാരണമാകാം.

കത്തിച്ചതാകാം...?

കാടുകളിൽ അനധികൃതമായി കടന്നുകയറുന്ന സംഘങ്ങൾ ഏറെയാണ്. ഇത്തരം സംഘങ്ങൾ വനത്തിനുള്ളിൽ തീ കൂട്ടുന്നതും അലസമായി കൈകാര്യം ചെയ്യുന്നതും തീകത്താനുള്ള സാഹചര്യം സൃഷ്ടിക്കും. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

അനൂപ്, അട്ടത്തോട് നിവാസി

ശബരിമലക്കാടുകളിൽ തീ പടർന്നാൽ മൃഗങ്ങളും പക്ഷികളും മാത്രമല്ല അത്യപൂർവ്വങ്ങളായ സസ്യങ്ങളും മരങ്ങളും നശിക്കാൻ കാരണമാകും. സമയബന്ധിതമായി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ കോടിക്കണക്കിന് രൂപയുടെ റനവ്യൂ നഷ്ടവും ഉണ്ടാകാം.

കത്തിനശിച്ച മരങ്ങൾ റോഡിലേക്ക് കടപുഴകി
വീഴുന്നത് തീർത്ഥാടകർക്ക് ഭീഷണിയാകും