
ശബരിമല സന്ദർശിക്കുമോ?
പത്തനംതിട്ട : എൻ.ഡി.എ വിജയസാദ്ധ്യത കാണുന്ന എ ക്ളാസ് മണ്ഡലമായ പത്തനംതിട്ടയിൽ 17ന് രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും.
സമ്മേളനസ്ഥലം സുരക്ഷാ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ കെ.ആന്റണി സ്ഥാനാർത്ഥിയായതോടെ മണ്ഡലം ദേശീയ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. നിലവിലെ എം.പി.ആന്റോ ആന്റണിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കും എതിരാളികളായതോടെ മത്സരം തീ പാറും. മീനമാസ പൂജയ്ക്ക് ശബരിമല നട തുറന്നിരിക്കുന്ന ദിവസമാണ് മോദിയെത്തുന്നത്. ശബരിമല സന്ദർശിക്കണമെന്ന ആഗ്രഹം അദ്ദേഹം പല തവണ നേതാക്കളുമായി പങ്കുവച്ചിട്ടുണ്ട്. ഇത്തവണ മോദി
ശബരിമല സന്ദർശിക്കുമോ എന്ന് ചോദ്യങ്ങളുയരുന്നുണ്ട്. മോദിയുടെ സന്ദർശനത്തിന്റെ വിശദരൂപം ഇന്നോ നാളെയോ അറിയാമെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ പറഞ്ഞു.
ജില്ലയിലേക്ക് രണ്ടാംവരവ്
ജില്ലയിലേക്ക് മോദിയുടെ രണ്ടാം വരവാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2021 ഏപ്രിൽ രണ്ടിന് അദ്ദേഹം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ പ്രസംഗിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികളും വേദിയിൽ അണിനിരന്നിരുന്നു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ഹെലികോപ്ടറിൽ ഇറങ്ങിയ ശേഷം റോഡുമാർഗമാണ് മോദി പ്രമാടത്ത് എത്തിയത്.