
പത്തനംതിട്ട പാർലമെന്റ് മണ്ഡലം 2009ൽ രൂപീകരിച്ച ശേഷം നാലാം തവണയാണ് വോട്ടർമാർ തങ്ങളുടെ എം.പിയെ തിരഞ്ഞെടുക്കാൻ പോകുന്നത്. കഴിഞ്ഞ മൂന്ന് തവണകളിൽ നിന്ന് വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പ് ചിത്രമാണ് ഇത്തവണ പത്തനംതിട്ടയിലേത്. മൂന്ന് മുന്നണികളും പ്രബലരെ മത്സരിപ്പിക്കുന്നു എന്നതിനപ്പുറം സ്ഥാനാർത്ഥികളെല്ലാം ക്രൈസ്തവരാണ് എന്ന പ്രത്യേകതയുണ്ട്. നിലവിലെ എം.പി ആന്റോ ആന്റണി തുടർച്ചയായി മൂന്ന് തവണ വിജയിച്ച ശേഷം യു.ഡി.എഫിനായി വീണ്ടും രംഗത്തിറങ്ങി. സി.പി.എം കേന്ദ്ര കമ്മറ്റിയംഗവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്ക് എൽ.ഡി.എഫിന്റെ കരുത്തനായ സ്ഥാനാർത്ഥിയാണ്. ക്രൈസ്തവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ ബി.ജെ.പി കളത്തിലിറക്കിയത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ കെ. ആന്റണിയെയാണ്.
ഈ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ മത്സരം തീപാറുമെന്ന് പറയാൻ കാരണങ്ങൾ പലതുണ്ട്. മുന്നണികളിലെ പ്രബല കക്ഷികളായ കോൺഗ്രസും സി.പി.എമ്മും ബി.ജെ.പിയും താഴ്ത്തട്ടുമുതൽ ശക്തമാണെന്നതാണ് ഒന്നാമത്തെ പ്രത്യേകത.
കെട്ടുറപ്പോടെ
കോൺഗ്രസ്
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് ആണ് ജയിച്ചതെങ്കിലും കോൺഗ്രസിന്റെ അടിത്തറ ഭദ്രമായിരുന്നില്ല. ബൂത്ത് കമ്മറ്റികളിൽ ചിലതൊന്നും നിലവിലുണ്ടായിരുന്നില്ല. സജീവമായി പ്രവർത്തിക്കാതിരുന്ന ബൂത്ത് കമ്മറ്റികൾ ഒട്ടേറയുണ്ടായിരുന്നു. പാർട്ടിയുടെ മണ്ഡലം കമ്മറ്റികൾക്ക് കെട്ടുറപ്പുണ്ടായിരുന്നില്ല. പല നേതാക്കളും ഏകോപനങ്ങളില്ലാതെ പല തട്ടിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. 2009ൽ ആന്റോ ആന്റണിക്ക് ലഭിച്ച ഒരു ലക്ഷത്തിൽ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം 2014ലും 19ലും കുറഞ്ഞുകുറഞ്ഞ് വന്നത് കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം കാരണമായിരുന്നു.
കഴിഞ്ഞ തവണ ആന്റോ ആന്റണിയെ മത്സരിപ്പിക്കുന്നതിനെതിരെ നേതാക്കൾ പരസ്യമായി രംഗത്തുവരികയും പ്രവർത്തിക്കാതിരിക്കുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ആയിരക്കണക്കിന് പോസ്റ്ററുകൾ ഒട്ടിക്കാൻ ആളില്ലാതെ കെട്ടിക്കിടന്ന കാര്യം എല്ലാവർക്കുമറിയാം. വേട്ടെടുപ്പ് ദിവസം ചില ബൂത്തുകളിലിരിക്കാൻ യു.ഡി.എഫിന് ഏജന്റുമാരുണ്ടായിരുന്നില്ല. നേതാക്കളുടെയും പ്രവർത്തകരുടെ അഭാവം കാരണം സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് എല്ലാ വാർഡുകളിലും പ്രചരണത്തിന് എത്താനായില്ല. അന്നത്തെ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥി വീണാ ജോർജിനോട് ആന്റോ പരാജയപ്പെട്ടേക്കും എന്നായിരുന്നു പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തിയത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ നാൽപ്പതിനായിരത്തിലേറെ വോട്ടുകളിൽ ആന്റോ ആന്റണി വിജയിച്ചു.
ഇത്തവണ ആന്റോ നാലാമൂഴത്തിനിറങ്ങുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്. കോൺഗ്രസിന്റെ പുനഃസംഘടനിയിൽ ആയിരത്തി ഇരുന്നൂറോളം ബൂത്ത് കമ്മറ്റികളിൽ പ്രവർത്തിക്കുന്ന ഭാരവാഹികളെ തിരഞ്ഞെടുത്തുകൊണ്ട് ജില്ലാ കോൺഗ്രസ് നേതൃത്വം വിസ്മയിപ്പിച്ചു. ബൂത്ത് പുനഃസംഘടന പൂർത്തിയാക്കിയ ആദ്യ ഡി.സി.സി എന്ന നേട്ടവും കൈവരിച്ചു. കോൺഗ്രസ് യൂണിറ്റ് കമ്മറ്റികളും രൂപീകരിച്ചു. സ്ഥാനാർത്ഥിയായി ആന്റോ ആന്റണി നാലാം തവണയും മത്സരിക്കുമെന്ന് ചർച്ചകൾ നടന്ന സമയത്ത് മുൻ തിരഞ്ഞെടുപ്പുകളിലേതു പോലെ എതിർപ്പുകളുയർന്നില്ല. നേതാക്കളും അണികളും ഒറ്റക്കെട്ടെന്ന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് പുറത്തുവരുന്നത്.
കരുത്തറിയിച്ച്
സി.പി.എം
എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എം കേന്ദ്ര കമ്മറ്റിയംഗം ഡോ. താേമസ് ഐസക്ക് ഒരു വർഷമായി പാർലമെന്റ് മണ്ഡലത്തിൽ സജീവമായിരുന്നു. വിവിധ വിഷയങ്ങളിൽ ഇടപെട്ടും പ്രവാസികൾക്കായി മൈഗ്രേഷൻ കോൺക്ളേവ് നടത്തിയും തുടർന്ന് വിജ്ഞാപന പത്തനംതിട്ട എന്ന പേരിൽ യുവാക്കൾക്ക് തൊഴിൽ റിക്രൂട്ടിംഗ് നടത്തിയും അദ്ദേഹം പത്തനംതിട്ടക്കാരനായി നിലകൊള്ളുന്നു. സി.പി.എം അതിന്റെ സംഘടനാ സംവിധാനത്തെയും ബഹുജന സംഘടകളെയും നേരത്തേ തന്നെ തിരഞ്ഞെടുപ്പിനായി ഒരുക്കിയിരുന്നു. അതുകൊണ്ടാണ് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ഏതു ഗ്രാമങ്ങളിൽ ചെന്നാലും തോമസ് ഐസക്കിന്റെ ചുവരെഴുത്തുകളും പോസ്റ്ററുകളും കാണുന്നത്.
എൽ.ഡി.എഫിന് മുൻ തിരഞ്ഞെടുപ്പുകളിലേതിനേക്കാൾ നല്ല ആത്മവിശ്വാസമാണ് പത്തനംതിട്ടയിലുള്ളത്. ഇത്തവണ അട്ടിമറി ജയം നേടാനാകുമെന്ന് പറയുന്നത് വെറുതേയല്ല. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം വൻ തോതിൽ ഇടിഞ്ഞു. ഇത്തവണ സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം പ്രധാന ഘടകമാണ്. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി തോമസ് ഐസക്ക് ഒരു തവണയെങ്കിലും സംവദിച്ചു കഴിഞ്ഞു. കൃഷിക്കാർ, തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, യുവാക്കൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, സ്ത്രീകൾ, വിശ്വാസികൾ തുടങ്ങിയവരുമായി കൂടിക്കാഴ്ചകൾ നടത്തി. അവരുടെ വികസന കാഴ്ചപ്പാടുകളും മണ്ഡലത്തിലെ പ്രശ്നങ്ങളും ചർച്ച ചെയ്തു. ഓരോ വിഭാഗക്കാരുമായി സംസാരിച്ച ശേഷമുള്ള തോമസ് ഐസക്കിന്റെ സോഷ്യൽ മീഡിയ കുറിപ്പുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു.
മുൻ ഡി.സി.സി പ്രസിഡന്റുമാരായ ഫിലിപ്പോസ് തോമസും ബാബു ജോർജും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോയും ഇപ്പോൾ സി.പി.എമ്മിനൊപ്പമാണ്. താഴെത്തട്ടുവരെ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരെ അടർത്തിയെടുത്ത് ചടുലമായ വേഗത്തോടെയാണ് സി.പി.എം തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത്. വിജയത്തിൽ കുറഞ്ഞൊരു ചിന്ത സി.പി.എമ്മിനില്ല. മണ്ഡലം പിടിച്ചെടുത്താൽ ജില്ലയിലും കോട്ടയം ജില്ലയിലെ ഈരാട്ടുപേട്ട, പൂഞ്ഞാർ അടങ്ങുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങൾ അടങ്ങുന്ന പാർലമെന്റ് മണ്ഡലത്തിലും എൽ.ഡി.എഫിന് സമ്പൂർണ ആധിപത്യമാകും.
വാഗ്ദാനവുമായി
ബി.ജെ.പി
പതിവിന് വിപരീതമായി ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് സ്ഥാനാർത്ഥിയെ രംഗത്തിറക്കിയുള്ള എൻ.ഡി.എ പരീക്ഷണം വോട്ടർമാരിൽ എന്തു സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ വരുമെന്ന അവകാശവാദത്തിനു പിന്നാലെ ബി.ജെ.പി പത്തനംതിട്ടക്കാർക്ക് മുന്നിൽ വയ്ക്കുന്ന വാഗ്ദാനം അനിൽ കെ. ആന്റണി ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കുമെന്നാണ്.
സംസ്ഥാനത്തെ ബി.ജെ.പിയുടെ എ പ്ളസ് മണ്ഡലമാണ് പത്തനംതിട്ട. എ പ്ളസ് മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചാൽ അവർ കേന്ദ്രമന്ത്രിമാരാകുമെന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ എന്നിവയാണ് എ പ്ളസ് മണ്ഡലങ്ങൾ. അങ്ങനെയെങ്കിൽ കേന്ദ്രത്തിൽ വീണ്ടും എൻ.ഡി.എ വന്നാൽ നാല് കേന്ദ്രമന്ത്രിമാരുണ്ടാകുമോ!. കഴിഞ്ഞ തവണ സ്ഥാനാർത്ഥിയായിരുന്ന കെ.സുരേന്ദ്രൻ നേടിയ മൂന്ന് ലക്ഷത്തോളം വോട്ടുകളുടെ പിൻബലത്തിലാണ് ബി.ജെ.പി ഇത്തവണ പത്തനംതിട്ട മണ്ഡലത്തിൽ വിജയം അവകാശപ്പെടുന്നത്.
ശബരിമല പ്രക്ഷോഭ നായകൻ എന്ന പരിവേഷത്തോടെ മത്സരിച്ച സുരേന്ദ്രന് വിശ്വാസികൾ വൈകാരിക ചിന്തയുടെ അടിസ്ഥാനത്തിൽ വോട്ടു ചെയ്തിട്ടുണ്ടാകും. ഇത്തവണ അതേ വികാരം നിലനിൽക്കുന്നില്ലെങ്കിലും മോദി ഗ്യാരന്റി എന്ന ആവേശം മണ്ഡലത്തിലെ വോട്ടർമാരിലേക്ക് എത്തിക്കാനാണ് എൻ.ഡി.എയുടെ പരിശ്രമം.