
അടൂർ : ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാന ഗവേഷണ പരിശീലന സമിതിയുടെ മികവ് അംഗീകാരം ലഭിച്ചു. പാർലമെന്റ് സംവിധാനത്തിലൂടെ കുട്ടികളുടെ അവകാശങ്ങൾ ബോദ്ധ്യപ്പെടുത്തിയതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തതിനും വിവിധ ക്ളബ് പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗാത്മക ശേഷി വളർത്തിയെടുക്കുന്നതിനും ലഹരിമുക്ത പ്രവർത്തനങ്ങൾ നടത്തിയതിനുമാണ് അംഗീകാരം . ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന മികവ് സെമിനാറിൽ സ്കൂളിലെ അദ്ധ്യാപകരായ ജി. രവീന്ദ്രകുറുപ്പ്, ജയശങ്കർ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഇവിടെ നടപ്പാക്കിയ പദ്ധതികൾ വരും വർഷങ്ങളിൽ കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു.