മല്ലപ്പള്ളി: നിർമ്മാണം തുടങ്ങി രണ്ട് വർഷങ്ങൾ പിന്നിടുമ്പോഴും പണികൾ പൂർത്തിയാകാനാകാതെ പുറമറ്റം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശന കവാടം. 2022 ഫെബ്രുവരി 15ന് തുടങ്ങിയ നിർമ്മാണ പ്രവർത്തികളാണ് പൂർത്തിയാകാതെ കിടക്കുന്നത്. മുൻപുണ്ടായിരുന്ന പ്രവേശന കവാടത്തിലെ ഗേറ്റും, മതിലും പൊളിച്ചു മാറ്റിയാണ് പുതിയത് നിർമ്മിക്കുന്നതിന് പദ്ധതിയിട്ടത്. ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചുള്ള പ്രവർത്തികളാണ് ആവിഷ്കരിച്ചത്. ഇതോടൊപ്പം ചുറ്റുമതിൽ നിർമ്മാണത്തിനും പദ്ധതി വിഭാവനം ചെയ്തിരുന്നു. 12 അടിയിലേറെ ഉയരത്തിലുള്ള 4 തൂണുകളുടെ നിർമ്മാണം മാത്രമാണ് രണ്ട് വർഷത്തിനിടയിൽ നടന്നത്. ചുറ്റുമതിലിന്റെ നിർമ്മാണവും ഭാഗീകമായി മാത്രമാണ് നടത്തിയിട്ടുള്ളത്. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പായി പ്രവേശന കവാടത്തിന്റെയും ചുറ്റുമതിലിന്റെയും നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.