
പത്തനംതിട്ട : കൊടും ചൂടാണ്, കിണറുകൾ വറ്റിയതോടെ കുളിക്കാനും തുണി നനയ്ക്കാനുമായി നദികളെയും കനാലുകളെയും ആശ്രയിക്കുന്നവരാണ് മലയോര നിവാസികളിൽ ഏറെയും. കിലോമീറ്ററുകൾ താണ്ടി വാഹനങ്ങളിൽ നദീതീരങ്ങളിൽ എത്തുന്നവർ പോലുമുണ്ട്. മുൻപരിചയമില്ലാത്ത ജലാശയങ്ങളിലും കടവുകളിലും ഇറങ്ങുന്നത് വലിയ അപകടം വരുത്തിവയ്ക്കാം. കഴിഞ്ഞമാസം നാലിന് റാന്നി കുട്ടപ്പാറ മുണ്ടപ്പുഴക്കടവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മുങ്ങി മരിച്ചത്. പിന്നെയും പല കടവുകളിൽ ജീവനുകൾ പൊലിഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് പന്തളത്ത് കുളിക്കാൻ ഇറങ്ങിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർ അച്ചൻകോവിലാറ്റിലെ കടവിൽ മുങ്ങിമരിച്ചു. ജില്ലയിലെ മുങ്ങിമരണങ്ങളുടെ പട്ടിക നീളുകയാണ്.
2022ൽ ജില്ലയിൽ 40 പേരാണ് മുങ്ങിമരിച്ചത്. കഴിഞ്ഞ വർഷം 45 പേർ മരിച്ചു. ഇതിൽ പതിനൊന്നു പേർ പതിനെട്ട് വയസിൽ താഴെയുള്ളവരാണ്. ഈ വർഷം രണ്ടു മാസത്തിനുള്ളിൽ ആറ് മരണം സംഭവിച്ചു. വേനൽഅവധി ദിനങ്ങളിലാണ് അപകടങ്ങൾ കൂടുന്നത്. മുൻപരിചയമില്ലാത്തതും മദ്യപിച്ച് ജലാശയങ്ങളിലിറങ്ങുന്നതും മുങ്ങിമരണങ്ങൾക്ക് കാരണമാകുന്നു.
വെള്ളത്തിൽ വീണവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടമായവരുമുണ്ട്.
അപകട കനാലുകൾ
ശക്തമായ ഒഴുക്കായതിനാൽ കനാലുകളിൽ ഇറങ്ങുന്നത് വലിയ അപകടങ്ങൾ വരുത്തിവയ്ക്കും. കനാലിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്തതിനാൽ പിടിച്ചുകയറാനാകില്ല. ഒഴുക്കിൽപ്പെട്ടാൽ കിലോമീറ്ററുകളോളം ഒഴുകിപോകും.
മുന്നറിയിപ്പുകൾ അവഗണിക്കുന്നു
പ്രധാന കടവുകളിലെല്ലാം മുന്നറിയിപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് അവഗണിക്കുന്നവരാണ് അധികവും. പ്രത്യേകിച്ച് യുവാക്കൾ. ശബരിമല ദർശനത്തിന് എത്തുന്നവരും വിവിധ കടവുകളിൽ അപകടത്തിൽപ്പെടാറുണ്ട്.
മുങ്ങി മരണം (പത്തനംതിട്ട ജില്ലയിൽ)
2023 : 45
2024 : 6 (രണ്ടു മാസത്തെ കണക്ക്)
2023, 2024 വർഷങ്ങളിൽ ജില്ലയിലെ വിവിധ ഫയർഫോഴ്സ്
ഓഫീസുകളിൽ റിപ്പോർട്ട് ചെയ്ത ജലാശയങ്ങളിലെ
അപകടങ്ങളും മുങ്ങിമരണങ്ങൾ
പത്തനംതിട്ട
അപകടങ്ങൾ : 37, 4
മരണം : 17, 1
കോന്നി
അപകടങ്ങൾ : 5, 0
മരണം : 4, 0
റാന്നി
അപകടങ്ങൾ : 10, 2
മരണം : 5, 4
തിരുവല്ല
അപകടങ്ങൾ : 13, 1
മരണം : 11, 1
അടൂർ
അപകടങ്ങൾ : 8, 0
മരണം :8, 0
മുങ്ങിമരണം ഒഴിവാക്കാം
1.മുതിർന്നവർ കൂടെയില്ലാതെ കുട്ടികളെ വെള്ളത്തിൽ ഇറങ്ങാൻ അനുവദിക്കരുത്.
2. പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങുക.
3.പരിചിതമില്ലാത്ത സ്ഥലങ്ങളിൽ വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക.
4. മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക. രാത്രിയിൽ വെള്ളത്തിൽ ഇറങ്ങരുത്.
5. മദ്യലഹരിയിൽ വെള്ളത്തിൽ ഇറങ്ങരുത്.